കാസര്‍കോട്ടെ എന്റെ ജീവിതത്തിനിടയില്‍ എന്നെ വിസ്മയിപ്പിച്ച വ്യക്തിയാണ് ടി.പി. അന്തച്ച എന്ന് ആളുകള്‍ ബഹുമാനത്തോടെ വിളിക്കുന്ന ടി.പി.അന്ത. പുറത്തു കാണുന്ന ബാഹ്യവ്യക്തിത്വത്തിനു സമാന്തരമായി ടി.പി തന്റെതുമാത്രമായ ഒരാന്തരിക വ്യക്തിത്വവും വികസിപ്പിച്ചിരുന്നു.. പുസ്തകങ്ങളും വായനയുമായിരുന്നു ആ ആന്തരികജീവിതത്തിന്റെ ചൈതന്യധാര. കഴിഞ്ഞ ദിവസം നമ്മെ വിട്ടുപോയ അന്തച്ചായെ സംബന്ധിക്കുന്ന വ്യക്തിനിഷ്ഠമായ ചില ഓര്‍മ്മകള്‍ പങ്കുവെയ്ക്കട്ടെ.
1998 ആഗസ്ത് മാസത്തിലാണ് ഞാന്‍ അന്തച്ചാനെ പരിചയപ്പെടുന്നത്. വായന പൊതുവെ ഇഷ്ടമായതിനാല്‍ പുസ്തകങ്ങളുടെ കൂട്ടുകാരനുമായി പെട്ടെന്ന് അടുത്തു. പലപ്പോഴും സംസാരവിഷയം വായനയും പുസ്തകങ്ങളുമായി. അധികവും ഞങ്ങള്‍ കണ്ടിരുന്നത് റെയില്‍വെ സ്റ്റേഷനിലെ അന്താസ് ബുക്ക്സ്റ്റാളിലായിരുന്നു.
എല്ലാം വായിക്കുന്ന സ്വഭാവമാണ് എന്റേത്. മതപരമായ അനുഷ്ഠാനങ്ങളില്‍ വളരെ ഉദാസീനനായിരുന്ന കാലത്തും ധാരാളം ആത്മീയ ഗ്രന്ഥങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. അധികവും മലയാളത്തില്‍. ഒരു ദിവസം ചര്‍ച്ചയ്ക്കിടയില്‍ ടി.പി. എന്നോട് പറഞ്ഞു.
ആത്മീയ ഗ്രന്ഥങ്ങള്‍ ഇംഗ്‌ളീഷീല്‍ വായിക്കുന്നതാണ് നല്ലത്. ജോലി കിട്ടിയിരുന്ന ആദ്യകാലത്ത് ഭഗവാന്‍ രജനീഷിന്റെ ധാരാളം കൃതികള്‍ ഇംഗ്ലീഷില്‍ വായിച്ചിരുന്നു. ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെയും അരവിന്ദ ഘോഷിന്റെയും കുറെ കൃതികളും. എന്നാല്‍ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ ഏകാഗ്രതയോടെ ഇംഗ്ലീഷില്‍ വായിച്ചിരുന്നില്ല. പുസ്തകം എന്റെ കൈവശം ഇല്ലാത്തതുകൊണ്ടല്ല. ടി.പി യുടെ അഭിപ്രായം മാനിച്ച് ഞാന്‍ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വായിക്കാന്‍ തുടങ്ങി. ആദ്യം ഗൗരവത്തോടെ വായിച്ച പുസ്തകം മൗലാന യൂസുഫ് അലിയുടെ The Holy Qur’an ആയിരുന്നു. പിന്നെ മര്‍മ്മദുക്ക് പിക്തലിന്റെ The Meaning of the Glorious Qu’ran. വായിച്ച പുസ്തകങ്ങളിലെ സവിശേഷമായ കാര്യങ്ങള്‍ കണ്ടാല്‍ അക്കാര്യം അന്തച്ചാനോട് ചര്‍ച്ച ചെയ്യുമായിരുന്നു. കുറെ കഴിഞ്ഞ് ഞാന്‍ ഗവേഷണ ത്വരയോടെ വിശുദ്ധ ഖുര്‍ആന്‍ വായിക്കാന്‍ തുടങ്ങി. ചില ഗ്രന്ഥങ്ങള്‍ എഴുതി. ഒരെണ്ണം അച്ചടിച്ചു. ടൈറ്റില്‍ : ‘യാസീന്‍ ഖുര്‍ആന്റെ ഹൃദയം. പാഠം, പഠനം. ഈ ഗ്രന്ഥത്തില്‍ അറബി പദങ്ങള്‍ മലയാളത്തില്‍ ലിപ്യന്തരം നടത്തി ഇംഗ്ലീഷില്‍ അര്‍ത്ഥം നല്‍കിയിട്ടുണ്ട്. ഒരുപക്ഷേ, അന്തച്ചാന്റെ സ്വാധീനം കാരണമാകാം ഞാന്‍ ആ രീതി അവലംബിച്ചത്.
ഒരു ദിവസം ടി.പി. എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. കാസര്‍കോട് റെയില്‍വെ സ്റ്റേഷന്റെ പിറകിലെവിടെയോ ആയിരുന്നു അദ്ദേഹത്തിന്റെ വീട്. അദ്ദേഹത്തിന്റെ വീട്ടിലെ പുസ്തകശേഖരം കണ്ട് ഞാന്‍ ഞെട്ടി.
മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഖുര്‍ആന്‍ വ്യഖ്യാനം സി.എന്‍. അഹമ്മദ് മൗലവിയുടേതാണല്ലോ. മൗലവി ആദ്യം അത് പ്രസിദ്ധപ്പെടുത്തിയത് ഖണ്ഡശ്ശയായിട്ടായിരുന്നു. ആദ്യത്തെ ഭാഗം 1949 ലോ 1950 ലോ ആയിരിക്കണം അച്ചടിച്ചത്. ഈ ആദ്യഭാഗത്തിന്റെ ആദ്യത്തെ പതിപ്പ് അന്തച്ചാന്റെ ശേഖരത്തിലുണ്ടായിരുന്നു. മുഹമ്മദാലി ജിന്ന അന്തച്ചായ്ക്ക് ഒരു വികാരമായിരുന്നു. ജിന്നയെക്കുറിച്ചുള്ള ധാരാളം പുസ്തകങ്ങള്‍ അദ്ദേഹം ശേഖരിച്ചിരുന്നു. സ്റ്റാന്‍ലി വോള്‍പെര്‍ട്ടിന്റെ Jinnah of Pakistan എന്ന പുസ്തകം ഞാന്‍ ആദ്യമായി കാണുന്നത് അന്തച്ചാന്റെ പുസ്തകശേഖരത്തിലാണ്. കുറച്ചുകാലം മുന്‍പ് കൊല്ലത്ത് വെച്ച് ജസ്വന്ത് സിങ്ങ് എഴുതിയ Jinnah : കിറശമജമൃശേശേീി കിറലുലിറലിരല എന്ന പുസ്തകം ആമസോന്‍ ഓണ്‍ലൈന്‍ വഴി വരുത്തി വായിച്ചു. ഈ പുസ്തകം കയ്യില്‍ കിട്ടിയ ഉടനെ ഞാന്‍ ഓര്‍ത്തത് ടി.പി. അന്തച്ചായെക്കുറിച്ചായിരുന്നു. ഈ പുസ്തകം വാങ്ങി അന്തച്ച തന്റെ പുസ്തകശേഖരത്തില്‍ ഉള്‍പ്പെടുത്തി കാണുമോ ?
പക്ഷേ, കുറെ നാള്‍ മുന്‍പ് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. പഴയ വീട്ടില്‍ തന്നെയായിരുന്നു താമസം. പക്ഷേ, അന്തച്ച മാറിപ്പോയിരിക്കുന്നു. ഒരു നിര്‍വ്വികാരത അദ്ദേഹത്തെ വലയം ചെയ്തിരിക്കുന്നു. രാഷ്ട്രീയത്തെക്കുറിച്ച് പറയാന്‍ താല്‍പ്പര്യപ്പെട്ടെങ്കിലും പുസ്തകങ്ങളെപ്പറ്റി ഒന്നും പറഞ്ഞില്ല. പുസ്തകശേഖരത്തെപ്പറ്റി ചോദിച്ചു. അതൊക്കെ പലരും എടുത്തുകൊണ്ടുപോയി. വാക്കുകളില്‍ നിസ്സംഗതയും നിര്‍വ്വികാരതയും. എനിക്ക് വളരെ നിരാശ തോന്നിയ നിമിഷങ്ങള്‍.
ഒരു ദിവസം റെയില്‍വെ സ്റ്റേഷനില്‍ ചെന്നപ്പോള്‍ അന്താസ് ബുക്ക്സ്റ്റാളില്‍ കാതറീന്‍ ഫ്രാങ്കിന്റെ Indira: The Life of Indira Nehru Gandhi എന്ന പുസ്തകം കണ്ടു. മൊത്തം മൂന്ന് കോപ്പി. ഒരെണ്ണം വാങ്ങിച്ചു. വായിച്ചപ്പോള്‍ ഭേദപ്പെട്ട പുസ്തകമാണെന്ന് തോന്നി. അക്കാലത്ത് പതിവായി ഹമീദലി ഷംനാട് സാഹിബിനെ കാണാറുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തോട് ഈ പുസ്തകത്തെപ്പറ്റി പറഞ്ഞു. അദ്ദേഹം അന്താസ് ബുക്ക് സ്റ്റാളില്‍ പോയി Indira: The Life of Indira Nehru Gandhi വാങ്ങി. ഞാന്‍ പറഞ്ഞിട്ടാണ് പുസ്തകത്തെപ്പറ്റി അറിഞ്ഞതെന്ന് പറയാന്‍ ആ നിഷ്‌കല്‍മഷമതി മറന്നില്ല. അടുത്ത തവണ കണ്ടപ്പോള്‍ അന്തച്ച എന്നോട് പറഞ്ഞു.
‘അബ്ദുല്ലക്കുഞ്ഞി ഷംനാട് വന്ന് മൂന്നാമത്തെ കോപ്പിയും വാങ്ങി കൊണ്ടുപോയി. അദ്ദേഹത്തിന്റെ ഏതോ സുഹൃത്തിനു കൊടുക്കാന്‍’.’
ഒരിക്കല്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ഞങ്ങള്‍ രണ്ടുപേരും സംസാരിക്കുകായിരുന്നു. Hazrat Nizamuddin Exprsse തീവണ്ടി സ്റ്റേഷനില്‍ വന്നുനിന്നു. അദ്ദേഹം ദില്ലിയിലെ നിസ്സാമുദ്ദീന്‍ സ്റ്റേഷനെക്കുറിച്ച് പറയാന്‍ തുടങ്ങി. പിന്നെ സംസാരം നിസ്സാമുദ്ദീന്‍ ഔലിയയെക്കുറിച്ചായി. അഞ്ചു വര്‍ഷം മുന്‍പ് ഞാന്‍ നിസ്സാമുദ്ദീന്‍ ദര്‍ഗ്ഗയില്‍ പോയി. അവിടെയാണ് അമീര്‍ ഖുസ്രുവിന്റെയും ജഹനാരയുടെയും ഖബറിടങ്ങളുള്ളത്. ജഹനാരയുടെ ഖബറിടത്തില്‍ ഈ വാചകങ്ങള്‍ കാണാം.
Allah is the Living, the Sustaining.
Let no one cover my grave except with greenery,
For this very grass suffices as a tomb cover for the poor.
The mortal simplistic Princess Jahanara,
Disciple of the Khwaja Moin-ud-Din Chishti,
Daughter of Shah Jahan the Conqueror
May Allah illuminate ……
1092 [1681 AD]
നിസ്സാമുദ്ദീനിലെ ദര്‍ഗ്ഗയില്‍വെച്ച് ഞാന്‍ അന്തച്ചാനെ ഓര്‍ത്തു. അന്താസ് ബുക്ക്സ്റ്റാളിനെക്കുറിച്ച് അന്തച്ച പറഞ്ഞ ഒരു കാര്യം പറയട്ടെ. ഇന്ത്യയില്‍ റെയില്‍വെ സ്റ്റേഷനുകളില്‍ ധാരാളം ബുക്ക് സ്റ്റാളുകള്‍ ഉണ്ടെങ്കിലും ഒരെണ്ണം (ലൈസന്‍സ് ) മാത്രമാണ് മുസല്‍മാന്റെ പേരിലുള്ളത്. ഇക്കാര്യം അന്തച്ചാനോട് പറഞ്ഞത് സാക്ഷാല്‍ സി.എച്ച്. മുഹമ്മദ് കോയ. 1973 മുതല്‍ 1977 വരെയുള്ള കാലയളവില്‍ സി.എച്ച്. ലോക സഭ എം.പി യായിരുന്നല്ലോ. ആ സമയത്താണേ്രത ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്.
മരണത്തിന്റെ ദുഃഖം ആത്മാവിനെ ഗ്രസിക്കുന്ന തപ്ത നിമിഷങ്ങളില്‍ ഓര്‍മ്മകളുടെ പ്രവാഹത്തിന് തടസ്സം നേരിടുന്നു.
പരേതനു അള്ളാഹു മഗ്ഫിറത്തും മര്‍ഹമത്തും പ്രധാനം ചെയ്യുമാറാകട്ടെ ! ആമീന്‍…..
(കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ഇപ്പോഴും ബുക്ക് സ്റ്റാളില്‍ ടി.പി.അന്ത, ലൈസര്‍സി എന്ന ബോര്‍ഡ് കാണാം. പത്ത് ദിവസം മുന്‍പും ഞാന്‍ ബോര്‍ഡ് കണ്ടു.)