കാഞ്ഞങ്ങാട്: ഹെല്‍മെറ്റ് ധരിക്കാതെ എത്തിയ ആള്‍ എസ്.ഐ വാഹനപരിശോധന പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ ഇരുചക്രവാഹനവുമായി സ്ഥലം വിട്ടു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിന് സമീപം താമസിക്കുന്ന ജാബിര്‍ അബ്ദുല്‍ അസീസിനെ(28)യാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്.ഐ ടി.കെ മുകുന്ദന്‍ വാഹനപരിശോധന നടത്തുമ്പോള്‍ ജാബിര്‍ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിലെത്തുകയും പൊലീസ് തടയുകയും ചെയ്തു. ഇതിനിടെ എസ്.ഐയോട് തട്ടിക്കയറിയ ജാബിര്‍ പോലീസിന്റെ പരിശോധന പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ഇരുചക്രവാഹനമെടുത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. എസ്.ഐ മുകുന്ദന്റെ പരാതിയില്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ജാബിറിനെതിരെ പൊലീസ് കേസെടുക്കുകയും പ്രതി അറസ്റ്റിലാകുകയുമായിരുന്നു. ജാബിറിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.