കാസര്‍കോട്: ഫ്‌ളഡ്‌ലൈറ്റുകള്‍ ഉപയോഗിച്ച് കടലില്‍ അനധികൃതമായി മീന്‍പിടിക്കാനുപയോഗിച്ച ബോട്ട് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടറും തീരദേശപൊലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി കാസര്‍കോടിനും കുമ്പളയ്ക്കും ഇടയില്‍ നടുക്കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടാണ് പിടികൂടിയത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ബോട്ടുകള്‍ക്ക് ഈ ഭാഗത്ത് മീന്‍പിടിക്കുന്നതിന് നിരോധനമുണ്ട്. ആഴത്തില്‍ വലിയ ഫ്‌ളഡ്‌ലൈറ്റുകള്‍ കത്തിച്ച് മത്സ്യബന്ധനം നടത്തിയ കര്‍ണാടക സ്വദേശി ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള നിഷാന്‍ എന്ന ബോട്ടാണ് പിടികൂടിയത്. കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ പി.വി സതീശന്റെ നിര്‍ദേശ പ്രകാരം മറൈന്‍ ബ്ലോക്ക് എസ്.ഐ ജോസ് ബാബുവിന്റെ നേതൃത്വത്തില്‍ തൈക്കടപ്പുറം കോസ്റ്റല്‍ പൊലിസും തളങ്കര കോസ്റ്റല്‍ പൊലീസും കണ്ണൂര്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റും സംയുക്തമായാണ് ബോട്ട് പിടികൂടിയത്. പിടിച്ചെടുത്ത ബോട്ട് തൈക്കടപ്പുറത്തേക്ക് എത്തിക്കുന്നതിനിടയില്‍ ഇതേ സംഘത്തിന്റെ മറ്റൊരു ബോട്ട് ഏറെ നേരം പിന്‍തുടര്‍ന്ന് ഭീഷണി മുഴക്കുകയും പിടിച്ചെടുത്ത ബോട്ടിനെ രക്ഷപെടുത്താന്‍ കയര്‍ എറിയുകയും ചെയ്തതിരുന്നു. ഫിഷറീസ് റസ്‌ക്യൂ ബോട്ടിലുണ്ടായിരുന്ന പൊലീസ് സംഘവും ഫിഷറീസ് ജീവനക്കാരും അക്രമത്തിന് മുതിര്‍ന്ന അനധികൃതമീന്‍പിടുത്തസംഘത്തെ തുരത്തിയോടിച്ചു. ഈ ബോട്ടില്‍ ഏകദേശം 40 ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.ബോട്ട് പിന്നീട് തൈക്കടപ്പുറത്തെത്തിച്ചു.