കാസര്‍കോട്: പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നതോടെ കാസര്‍കോട് നഗരസഭാ പരിധിയിലെ കടകളില്‍ പരിശോധന ശക്തമാക്കി. ബുധനാഴ്ച്ച നഗരസഭാ പരിധിയിലെ 18 കടകളില്‍ നിന്നായി 12 കിലോ പ്ലാസ്റ്റിക് കവറുകള്‍ നഗര സഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പുതിയ ബസ് സ്റ്റാന്റ് വിദ്യാനഗര്‍ ഭാഗങ്ങളിലെ കച്ചവടസ്ഥാപനങ്ങളിലാണ് ആദ്യഘട്ടമായി പരിശോധന നടത്തിയത്. ബേക്കറി, പച്ചക്കറി കടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമായി 500 ലിറ്ററില്‍ കുറവുള്ള കുപ്പിവെള്ള ബോട്ടിലുകള്‍, പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ എന്നിവയാണ് പിടികൂടിയത്. കടയുടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആദ്യ ദിനമായതിനാല്‍ കടയുടമകള്‍ക്ക് താക്കീത് നല്‍കി. 15 ദിവസം വരെ നിയമപരമായ നടപടികള്‍ പാടില്ലെന്ന് നിര്‍ദ്ദേശമുള്ളതിനാല്‍ പരിശോധന തുടരുമെങ്കിലും കടുത്ത നടപടികള്‍ ഉണ്ടാകില്ല. കടകളിലെ പരിശോധന നഗരസഭ ആരോഗ്യ വിഭാഗം വ്യാഴാഴ്ച്ചയും തുടരുകയാണ്.