കാഞ്ഞങ്ങാട്: പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കാനായി കടകളില്‍ റെയ്ഡിനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ വ്യാപാരികള്‍ തടഞ്ഞു. ബുധനാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം മത്സ്യമാര്‍ക്കറ്റിലെ കടകളിലെത്തിയപ്പോഴാണ് വ്യാപാരികള്‍ തടഞ്ഞത്. ഉദ്യോഗസ്ഥര്‍ കടകളില്‍ കയറി പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുന്ന വിവരമറിഞ്ഞ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സി യൂസഫ് ഹാജിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ സംഘടിച്ചെത്തുകയും പരിശോധന തടയുകയുമായിരുന്നു. ഇതോടെ ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മിലുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയുടെ വക്കില്‍ വരെ എത്തി. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു. ഉദ്യോഗസ്ഥരെ തടഞ്ഞാല്‍ കേസെടുക്കുമെന്നായിരുന്നു പൊലീസിന്റെ മുന്നറിയിപ്പ്. എന്നാല്‍ ഇത് വകവെക്കാതെ വ്യാപാരികള്‍ പ്രതിഷേധം തുടര്‍ന്നതോടെ പൊലീസ് പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും ഇപ്പോള്‍ പിരിഞ്ഞുപോകണമെന്നും അറിയിച്ചു. ഇതോടെ ഇരുവിഭാഗങ്ങളും തിരിച്ചുപോകുകയായിരുന്നു. കേരളത്തില്‍ ഇന്നലെ മുതല്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ കടകളില്‍ പരിശോധനക്കെത്തിയത്. നിരോധനം പെട്ടെന്ന് നടപ്പില്‍ വരുത്തുന്നതുമൂലമുള്ള ബുദ്ധിമട്ടുകള്‍ വ്യാപാരിസംഘടനകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയതോടെ 15 വരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതിന് സാവകാശം നല്‍കിയിട്ടുപോലും നഗരസഭാധികൃതര്‍ തിടുക്കത്തില്‍ പരിശോധനക്കിറങ്ങിയത് വെല്ലുവിളിയാണെന്ന് കാഞ്ഞങ്ങാട്ടെ വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു.