പിലിക്കോട്: കെ.എസ്.ഇ.ബിയില്‍ നിന്ന് അസി.എഞ്ചിനീയര്‍ വിരമിച്ച ദിവസം ലൈന്‍മാന്‍ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചുവെന്നതിനെ ചൊല്ലി വൈദ്യുതിവകുപ്പില്‍ വിവാദം. വിരമിക്കലിന്റെ ഭാഗമായി ബുധനാഴ്ച എഞ്ചിനീയര്‍ക്ക് സെക്ഷന്‍ ഓഫീസില്‍ യാത്രയയപ്പ് നല്‍കിയിരുന്നു. പരിപാടിക്ക് ശേഷം എഞ്ചിനീയര്‍ പുറത്തിറങ്ങിയ ഉടന്‍ ഉഗ്രശബ്ദത്തോടെ പടക്കം പൊട്ടുകയായിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാര്‍ വെടിശബ്ദത്തിന്റെ ഉറവിടം തേടിയെത്തിയപ്പോള്‍ കണ്ടത് ഇടവഴിയില്‍ പടക്കം പൊട്ടിച്ച ശേഷം നില്‍ക്കുന്ന ലൈന്‍മാനെയാണ്. എഞ്ചിനീയറോടുള്ള ലൈന്‍മാന്റെ നീരസമാണ് പടക്കം പൊട്ടിച്ച് പ്രകടിപ്പിച്ചതെന്നാണ് സംസാരമെങ്കിലും ലൈന്‍മാന്‍ ഇത് നിഷേധിക്കുന്നു. എന്തായാലും ഇത് സംബന്ധിച്ച് വകുപ്പുതല അന്വേഷണം ഉറപ്പായിരിക്കുകയാണ്.