കാസര്‍കോടിന്റെ ഒരു പ്രത്യേകത എന്നത് ഇവിടെ സ്വാഭാവികമായും സംസാരിക്കാവുന്ന ഭാഷകള്‍ക്ക് പുറമെ, മറാഠി, ഉറുദു കൊങ്കണി പോലുള്ള തികച്ചും വ്യത്യസ്തമായ ഭാഷകള്‍ സംസാരിക്കുന്നര്‍ കാലങ്ങളായി ജീവിച്ചു പോരുന്നുണ്ട് എന്നതാണ്. ഇന്ന് ഒമ്പതോളം ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ ഇവിടെ ജീവിക്കുന്നുണ്ടെന്നുള്ളത് ഏതാണ്ട് അംഗീകരിക്കപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ആ ജനപദങ്ങളില്‍ തന്നെ ഏറെപ്പേരും ഒന്നിലധികം ഭാഷ സംസാരിക്കുന്നവരാണ് താനും. എവിടെ നാട് എന്ന് ചോദിച്ചാല്‍ കാസര്‍കോട് എന്ന് അഭിമാനത്തോടെ പറയുന്നവരാണവരെല്ലാം. കാസര്‍കോടിന്റെ മാത്രം സവിശേഷതയാണത്. 1956ല്‍ സംസ്ഥാന രൂപീകരണ സമയത്ത് ഈ ഭൂപ്രദേശം ദക്ഷിണ കര്‍ണാടകയില്‍ നിന്ന് അടര്‍ത്തിയെടുത്ത് കേരളത്തിന്റെ കണ്ണൂര്‍ ജില്ലയോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. നമ്മള്‍ നമ്മുടേതെന്നും അവര്‍ അവരുടേതെന്നും അവകാശപ്പെട്ട ഈ യഥാര്‍ത്ഥ കാസര്‍കോട് കുറെ കാലം അങ്ങനെ ആ ജില്ലയുടെ ഭാഗമായി കിടന്നു. പിന്നീട് വികസന മുരടിപ്പിനെതിരെ ഉയര്‍ന്ന പ്രദേശ വാസികളുടെ മുറവിളി നിമിത്തവും അതിലേറെ ഇവിടുത്തെ ഭാഷാ സാംസ്‌കാരിക വൈവിധ്യം കണക്കിലെടുത്തും 1984 മേയിലാണ് ഇതൊരു സ്വതന്ത്ര ജില്ലയായിത്തീര്‍ന്നത്. ഭാഷാ സംഗമ ഭൂമിയെന്ന നിലയില്‍ മറ്റിടങ്ങളില്‍ കാണാത്ത ഒരുപിടി തനത് കലകളുടെ ഈറ്റില്ലം കൂടിയാണ് കാസര്‍കോട്. തെയ്യം, യക്ഷഗാനം തുടങ്ങിയവ ഉദാഹരണം.
കണ്ണൂര്‍ ജില്ലയില്‍ നിന്ന് പയ്യന്നൂരിന് വടക്കുള്ള ഭാഗം, നേരത്തെ പറഞ്ഞ കാസര്‍കോടിനോട് ചേര്‍ത്ത് ജില്ല രൂപീകൃതമായിട്ട് ഇപ്പോള്‍ മൂന്നര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഒന്ന് തിരിഞ്ഞു നോക്കിയാല്‍, അന്ന് ചൂണ്ടിക്കാണിക്കപ്പെട്ട പിന്നാക്കാവസ്ഥയുടെ ഉദാഹരണങ്ങളില്‍ നിന്ന് കാസര്‍കോട് എത്രമാത്രം മുക്തമായി എന്ന് പരിശോധിക്കുകയാണെങ്കില്‍ നാം തീര്‍ത്തും നിരാശരാവുകയെ ഉള്ളു. വിദ്യാനഗറില്‍ ഒരുപിടി ഭരണകൂട ആസ്ഥാനങ്ങള്‍ വന്നു എന്നതൊഴിച്ച് അതൊരു നേട്ടമല്ലെന്നല്ല വിവക്ഷ. പല കാര്യാലയങ്ങളുമായി വടക്ക് കുഞ്ചത്തൂര്‍ മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള ജനങ്ങള്‍ക്ക് എളുപ്പം ബന്ധപ്പെടാന്‍ അവ സൗകര്യമായി എന്നതില്‍ കഴിഞ്ഞ് മറ്റൊന്നും ഇവിടെ സംഭവിച്ചിട്ടില്ല എന്നെ അര്‍ത്ഥമാക്കിയുള്ളൂ. പക്ഷെ അപ്പോഴും അവഗണനയുണ്ടെന്നതിന്റെ മൂര്‍ത്തമായ അടയാളങ്ങള്‍ ദൃശ്യപ്പെട്ട് പോകുന്നുണ്ട്. ഇന്ത്യയൊട്ടുക്കും പാസ്‌പോര്‍ട്ട് അപേക്ഷാ സമര്‍പ്പണത്തിന്, അത് സ്വകാര്യവത്ക്കരിക്കപ്പെട്ട് സേവാ കേന്ദങ്ങള്‍ വന്ന് തുടങ്ങിയപ്പോള്‍ വീണ്ടും ഒരു വട്ടം കൂടി മഞ്ചേശ്വരം വരെയുള്ള പ്രദേശവാസികളെ സര്‍ക്കാര്‍ ഇളിഭ്യരാക്കി. പാസ്‌പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിക്കണമെങ്കില്‍ പഴയ പോലെ തെക്കോട്ട് തന്നെ ഓടണം. കണ്ണൂര്‍ ജില്ലയുടെ പയ്യന്നൂരിലേക്ക്. പിന്നീട് ഒരു പിടി മുറവിളികള്‍ക്ക് ശേഷമാണ് പരിമിതമായ സൗകര്യത്തോടെയെങ്കിലും ഒരു ക്യോസ്‌ക് കാസര്‍കോട്ട് പോസ്റ്റാഫീസിനോടനുബന്ധിച്ച് നിലവില്‍ വന്നത്. അതിന് സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്വതന്ത്രമായ കെട്ടിടം വരണം. ഇനിയും അത് പൂര്‍ണ്ണതയിലേക്കെത്തിക്കാന്‍ ഒരുപാട് സൗകര്യങ്ങള്‍ കൂട്ടേണ്ടതുണ്ട്. എന്നതൊക്കെ മറ്റൊരിക്കല്‍ ചര്‍ച്ച ചെയ്യാം.
മറ്റൊരു പ്രധാന വിഷയമാണ് ഇവിടെ അവതരിപ്പിക്കാനുള്ളത്. കാസര്‍കോട്ട് ഒരു ആകാശവാണി എഫ്.എം. നിലയം വരണമെന്ന ആവശ്യത്തിന് കാസര്‍കോട് ജില്ലയുടെ ആവിര്‍ഭാവത്തേക്കാളും പഴക്കമുണ്ട്. ജില്ലയോടൊപ്പം നിലവില്‍ വന്നിരുന്നെങ്കില്‍, ഭാഷാ വൈവിധ്യങ്ങളുടെ, ബഹുസ്വര സംസ്‌കാരങ്ങളുടെ നാവായി പ്രവര്‍ത്തിക്കുന്ന ഒന്നാകുമായിരുന്നു അതെന്നതിന് ആര്‍ക്കും സംശയം കാണില്ല. ജില്ല പിറക്കുന്ന 1984ലും അതിന് മുമ്പും ഈ ആവശ്യം ഇവിടുന്ന് ഉന്നയിക്കപ്പെട്ടിരുന്നു. അന്ന് ഇതിന് മുന്നില്‍ നിന്നവരില്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ജില്ലയായതോട് കൂടി ആ ആവശ്യത്തിന് ആക്കം ഏറെ കൂടി. പക്ഷെ അതിനൊക്കെ ഒരു സമഗ്രത കൈവന്നില്ലെന്നത് നേരാണ്. പലതും ഒറ്റപ്പെട്ട സ്വരമായി കലാശിച്ചു. തൊണ്ണൂറുകള്‍ തൊട്ട് കാസര്‍കോട് ഒരു സ്വതന്ത്ര ആകാശവാണി നിലയത്തിനു വേണ്ടി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്ന ഒരാളാണിതെഴുതുന്നത്. ഇക്കാലയളവിനിടയില്‍ ഇയാള്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ചിക്കപ്പെടാത്ത എം.പി.മാരുണ്ടാവില്ല, കേന്ദ്ര മന്ത്രിമാരും. അങ്ങുമിങ്ങുമുള്ള ആ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ കൊണ്ട് തന്നെ ഇവിടെ ഒരു എഫ്.എം. നിലയം വരാനുള്ള ഒരുക്കങ്ങള്‍ നടന്നിരുന്നു എന്നത് നിഷേധിക്കാനാവില്ല. പലപ്പോഴും, പല കാലയളവുകളും, ഇവിടെ ഉടന്‍ റേഡിയോ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നെന്ന ശ്രുതി പരത്തിക്കൊണ്ട്, പ്രത്യാശ നല്‍കിക്കൊണ്ട് കടന്നു പോയിട്ടുണ്ട്. ചെമ്മനാട് വില്ലേജില്‍ ചട്ടഞ്ചാലിനടുത്ത് സ്റ്റേഷന് വേണ്ടി സ്ഥലം അക്വയര്‍ ചെയ്തു ബോര്‍ഡ് സ്ഥാപിക്കപ്പെടുകയും ചെയ്തിരുന്നു. പക്ഷെ ആ ബോര്‍ഡവിടെ മഴയും കാറ്റും വെയിലുമേറ്റ് നശിച്ചു പോയിരിക്കണം. അങ്ങനെ അക്വയര്‍ ചെയ്ത സ്ഥലം ചെമ്മനാട് പഞ്ചായത്ത് വേറെന്തോ ആവശ്യത്തിന് ഉപയോഗിച്ചു പോയിരിക്കാം. അങ്ങനെയാണറിയാന്‍ കഴിഞ്ഞത്.
ഇന്നിപ്പോളിവിടെ വീണ്ടും ആ ഫയല്‍ തപ്പിയെടുക്കാന്‍ കാരണം നമ്മുടെ എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, തന്റെ നിയോജക മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥ മാറ്റിയെടുക്കാന്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതാണ്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.ക്കും നിലവിലെ പ്രക്ഷേപണ വകുപ്പ് മന്ത്രിക്കും ഇയാള്‍ ഇമെയില്‍ വഴി ഈ സന്ദേശം യഥാസമയം കൈമാറിയിക്കഴിഞ്ഞിച്ചുണ്ട്. അക്കാര്യം സുഹൃത്തും എഴുത്തുകാരനുമായ വി.വി. പ്രഭാകരന്‍ അദ്ദേഹത്തെ ഉണര്‍ത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പറഞ്ഞത്. ഇമെയില്‍ സന്ദേശത്തിന്റെ മറുപടി പ്രതീക്ഷിച്ചിരിക്കുകയുമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, പി. കരുണാകരന്‍ എം.പി.യായിരിക്കുന്ന വേളയില്‍ ആവണം കാസര്‍കോട്ട് ആകാശവാണി നിലയത്തിന് വേണ്ടി ഏറെ നിവേദനങ്ങള്‍ സമര്‍പ്പിച്ചത്. ഇയാളുടെ ഒരു നിവേദനത്തിന് കേന്ദ്ര വകുപ്പ് മന്ത്രിയുടെ മറുപടി കൈപറ്റുകയും ചെയ്തു. അപേക്ഷ ബന്ധപ്പെട്ട വകുപ്പിലേയ്ക്കയച്ച് കൊടുത്തിട്ടുണ്ടെന്ന്. പരിശോധിച്ച് വേണ്ടത് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്. അതെ സമയം, എം.പി.ക്കയച്ചതിന് മറുപടി കാസര്‍കോട്ടേക്ക് സ്വകാര്യ റേഡിയോ നിലയക്കാരുടെ അപേക്ഷ പരിഗണിച്ചിട്ടണ്ട്. അവയിലേതെങ്കിലുമൊന്ന് നിലവില്‍ വരാന്‍ സാധ്യത ഉള്ളത് കൊണ്ട് സര്‍ക്കാര്‍ തലത്തില്‍ എഫ്.എം നിലയത്തിന് പ്രസക്തി ഇല്ലെന്നായിരുന്നു. ഈ വിവരം യാദൃച്ഛീകമായി ഇയാള്‍ കണ്ണൂര്‍ റേഡിയോ നിലയത്തിലെ എഞ്ചിനീയരുമായി പങ്ക് വെച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് സര്‍ക്കാര്‍ നിലയം സമീപത്തൊന്നും ഇല്ലാത്തിടത്ത് സ്വകാര്യ സ്വകാര്യ നിലയം സ്ഥാപിക്കപ്പെടാന്‍ സാധ്യത ഇല്ല എന്നാണ്.
ഈ കുറിപ്പിന്റെ തുടക്കത്തില്‍ പറഞ്ഞ കാസര്‍കോടിന്റെ സവിശേഷത, ഒരു സ്വതന്ത്ര നിലയത്തിന് വളരെയേറെ സാധ്യത നല്‍കുന്നതാണ്. കണ്ണൂരില്‍ നിലവിലുള്ള എഫ്.എം. നിലയം തത്വത്തില്‍ കാസര്‍കോടിന്റെ കൂടിയാണ്. കാസര്‍കോട് കണ്ണൂര്‍ വയനാട് ജില്ലകള്‍ക്ക് വേണ്ടിയുള്ളതാണത്രെ അത്. പക്ഷെ റേഡിയോ നിലയം ഇന്ന ജില്ലക്ക് കൂടി ഉള്ളതാണെന്ന് കേവലം രേഖകളില്‍ ബോധ്യപ്പെടുത്തിയാല്‍ മാത്രം മതിയോ, പ്രസരണം കൂടി അവിടെ എത്തേണ്ടതില്ലെ.? കാഞ്ഞങ്ങാടിനിപ്പുറം കണ്ണൂര്‍ എഫ്.എം. നിലയം എന്നൊരു സാധനം ഉണ്ടെന്നുള്ളതിന്റെ യോതൊരു ലാഞ്ചനയും നമ്മുടെ റേഡിയോ സെറ്റ് നല്‍കാറില്ല. ഈയിടെ കണ്ണൂര്‍ ആകാശവാണിയുടെ ആധുനികവത്ക്കരണം നടന്നു. അതോടൊപ്പം പരിധി കൂട്ടാനുള്ള ശ്രമങ്ങളും നടന്നു. എന്നാണറിഞ്ഞത്. പക്ഷെ അത് എളുപ്പമല്ലത്രെ. ഇന്നിപ്പോള്‍ കാസര്‍കോട്ടെ കലാകാരന്മാര്‍-(എഴുത്തുകാര്‍, നാടന്‍ കലാവതാരകര്‍)-ക്ക് അവരുടെ സൃഷ്ടികള്‍ അവതരിപ്പിക്കാനവസരം ഒത്ത് വരുന്നത് കണ്ണൂര്‍ നിലയത്തിലാണ്. പക്ഷെ ഒരു സ്‌ക്രിപ്റ്റ്/ഐറ്റം അവതരിപ്പിച്ച ആള്‍ക്ക് തന്നെ അത് കേള്‍ക്കാനായില്ലെങ്കിലോ.! ഇപ്പോള്‍ ഇവിടെ ലഭ്യമാകുന്നത് തിരുവനന്തരപുരം നിലയം പ്രക്ഷേപണമാണ്. അത് നേരത്തെ ടിവി.സ്റ്റേഷനില്‍ റിലെ വഴിയാണ് സാധിച്ചിരുന്നത്. ഇപ്പോള്‍ സാറ്റലൈറ്റ് വഴിയും. അതിനാല്‍ മനസ് വെച്ചാല്‍ കണ്ണൂര്‍ നിലയ പ്രക്ഷേപണം ഇവിടെയെത്തിക്കാമായിരുന്നു.
കാസര്‍കോടിന് ഒരു റേഡിയോ നിലയം ലഭിക്കുകയാണെങ്കില്‍ ഇന്ത്യന്‍ റേഡിയോ നിലയങ്ങളില്‍ വെച്ച് ഒരുപക്ഷെ ഏറെ വൈവിധ്യം അതിനവകാശപ്പെടാന്‍ ആവും, തീര്‍ച്ച. കാസര്‍കോടിന്റെ ബഹുമുഖ സംസ്‌കൃതിയുടെ സാന്നിദ്ധ്യത്താല്‍ പരിപാടികള്‍ വര്‍ണ്ണാഭമാകും. ഇവിടുത്തെ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്തെ ഇതിനു മുന്‍കൈയെടുക്കുന്നില്ല? അവരും ധരിച്ചു വശായിട്ടുണ്ടോ, ഈ ടിവി ഇന്റര്‍നെറ്റ് യുഗത്തില്‍ ഇതൊരു പഴഞ്ചന്‍ ഏര്‍പാടാണെന്ന്.? അതി നൂതന സാങ്കേതികതയോടെ റേഡിയോ സംവിധാനങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ പോലും പുനര്‍ജനിച്ചു വന്നത് അവരും അറിഞ്ഞില്ലെന്നുണ്ടോ.? കാസര്‍കോട്ടെ കന്നഡ കലാകാരന്മാര്‍ക്ക് മംഗളൂരുവിന്റെ (മംഗലാപുരം എഫ്.എം.) ഔദാര്യവും ലഭ്യമാകുന്നു. കലാകാരന്മാരായ മലയാളികള്‍ക്ക് കണ്ണൂര്‍ എന്ന പോലെ തന്നെയാണത്. പക്ഷെ കാസര്‍കോട് നിലയം ബഹുഭാഷാ പരിപാടികള്‍ ഉള്‍പ്പെടുത്തി വന്നാല്‍ അവര്‍ക്കും അത് സൗകര്യപ്രദമായിത്തീരും. ഇവിടെ ഇത്രയും കാലമായിട്ടും ഒരു സ്വതന്ത്രമായ റേഡിയോ നിലയം യാഥാര്‍ത്ഥ്യം ആയില്ല എന്നത്, അധികൃതര്‍ കാണിക്കുന്ന അവഗണനയോടൊപ്പം നമ്മുടെയൊക്കെ പോരായ്മ കൂടി അതിലുണ്ട് എന്നോര്‍ക്കണം.
ഇനി അല്‍പം ചരിത്രം. 1923ലാണ് ഇന്ത്യയിലാദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. സ്വകാര്യ ക്ലബ്ബുകളായി മുംബൈയിലും കൊല്‍ക്കത്തയിലുമായിരുന്നു അത്. 1932ഓടെ സ്വതന്ത്ര, പ്രസാര്‍ ഭാരതി സ്ഥാപിതമായി. അന്ന് ഓള്‍ ഇന്ത്യ റേഡിയോക്ക് ആറ് നഗരങ്ങളില്‍ സ്റ്റേഷനുകളുണ്ടായിരുന്നു. 1957ല്‍ റേഡിയോ സിലോണിനോട് മത്സരിച്ച് വിവിധ ഭാഷകളില്‍ പ്രക്ഷേപണവുമായി വിവിധ് ഭാരതി വന്നു. 1959ല്‍ പ്രസാര്‍ ഭാരതിക്ക് കീഴില്‍ തന്നെ വന്ന ടെലിവിഷന്‍ പ്രക്ഷേപണം 1976ല്‍ വിഭജിച്ച് ദുരദര്‍ശന്‍ ആയി. എഫ്.എം. നിലയങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നത് 1977ലാണ്. ഇന്ത്യയുടെ ആകാശവാണി ഇന്നും ലോകത്തെ ഏറ്റവും വലിയ നെറ്റ്‌വര്‍ക്കായാണ് അറിയപ്പെടുന്നത്. നമ്മള്‍ തിരിച്ചറിഞ്ഞില്ലെങ്കിലും, ഭാഷാ വൈവിധ്യം കൊണ്ട് അത് ലോകത്തൊരു പ്രക്ഷേപണ സ്ഥാപനത്തിനും എത്തിപ്പിടിക്കാനാവാത്ത ഗരിമയിലാണ് നില കൊള്ളുന്നത്. 23 ഭാഷകളിലും 180ല്‍ പരം ഉപഭാഷകളിലും പ്രസാരണം നടത്തുന്ന ഒന്ന്.