മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കൂന്തല്‍ മത്സ്യം പിടിക്കാനായി വനം വകുപ്പിന്റെ പരിധിയില്‍പെട്ട നൂറില്‍പരം കാറ്റാടി മരങ്ങള്‍ ഒരു സംഘം വെട്ടിമാറ്റുന്നുവെന്ന് പരാതി. സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടും അവര്‍ മൗനം പാലിക്കുന്നതായി ആക്ഷേപമുണ്ട്. മഞ്ചേശ്വരം കണ്വതീര്‍ത്ഥ അഞ്ചര കടപ്പുറത്താണ് വന്‍തോതില്‍ കാറ്റാടി മരങ്ങള്‍ മുറിച്ചുമാറ്റുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വനം വകുപ്പ് നട്ടുപിടിപ്പിച്ച മരങ്ങളാണിത്. കടലില്‍ നിന്ന് കൂന്തല്‍ മത്സ്യം പിടിക്കുന്നതിനാണത്രെ ഇവ കൊണ്ടുപോകുന്നത്. കാറ്റാടി മരത്തിന്റെ നേരിയ ശിഖരങ്ങളും ഇലകളും കടലിലിടുകയും ഇവയില്‍ കുടുങ്ങുന്ന കൂന്തല്‍ മത്സ്യങ്ങളെ പിടിക്കുകയുമാണ് രീതി. യാതൊരു നിയന്ത്രണവുമില്ലാതെയാണ് മരങ്ങള്‍ മുറിക്കുന്നത്. ശിഖരങ്ങള്‍ മുറിച്ചുമാറ്റിയശേഷം പിന്നീട് മരങ്ങള്‍ തന്നെ മുറിച്ച് വാഹനങ്ങളില്‍ കടത്തിക്കൊണ്ടുപോകുന്നതായി പറയുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ ഒട്ടേറെ മരങ്ങളാണത്രെ കടത്തിയത്. മരത്തടികള്‍ ഹോട്ടലുകളിലേക്കും മറ്റും വില്‍ക്കുന്നതായും പറയുന്നു. വനം അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ മന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.