സാധാരണക്കാരനായ ഒരു മലയാളിക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത തരത്തിലുള്ള ജീവിതം നയിക്കുകയും യു.എ.ഇയിലെ പ്രമുഖരുമായി ആത്മബന്ധം സ്ഥാപിക്കാന്‍ കഴിയുകയും ചെയ്ത ഹാരിസ് പാണൂസിന്റെ വേര്‍പാട് അദ്ദേഹത്തെ അറിയുന്നവര്‍ക്കെല്ലാം വലിയൊരു ഞെട്ടലാണ് ഉണ്ടാക്കിയത്. ആരുമായും എളുപ്പം സൗഹാര്‍ദ്ദം സ്ഥാപിക്കാനും ആ സൗഹാര്‍ദ്ദം ആത്മബന്ധമാക്കി മാറ്റാനും ഹാരിസ് പാണൂസിനുള്ള കഴിവ് ഒന്ന് വേറെത്തന്നെയായിരുന്നു. പലര്‍ക്കും സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത തരത്തിലുള്ള ബന്ധമാണ് യു.എ.ഇയിലെ പല പ്രമുഖരുമായും അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഷെയ്ഖ് ഫാമിലിയുമായി പോലും അടുത്ത ബന്ധം സ്ഥാപിക്കാന്‍ ഹാരിസിന് കഴിഞ്ഞിരുന്നു. ഒരു അറബിയെപോലെതന്നെയാണ് ഹാരിസ് ജീവിച്ചതും. താന്‍ കാണുന്ന സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഹാരിസ് അറബിഭാഷയില്‍ സംസാരിക്കുമ്പോള്‍ ആ വാചാലത കണ്ട് ആരും അതിശയിച്ച് പോവും. ഹാരിസിന്റെ സംഭാഷണം കേട്ടാല്‍ അറബിയല്ല എന്ന് ആരും പറയില്ല. വേഷവും അതുപോലെതന്നെയായിരുന്നു. ഹാരിസിനെ അറബികള്‍ ആദരപൂര്‍വ്വം ഹാരിബ് എന്ന് വിളിക്കുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്.
ആഡംബര കാറുകള്‍ ഹാരിസിന്റെ ബലഹീനതയായിരുന്നു. വലിയ വാഹനങ്ങളില്‍ അറബി പ്രമുഖര്‍ക്കൊപ്പം ദുബായ് നഗരമാകെ ചുറ്റിക്കറങ്ങുന്നത് അദ്ദേഹത്തിന് ഒരു ഹരമായിരുന്നു. ആനന്ദകരമായ ഒരുജീവിതമാണ് ഹാരിസ് നയിച്ചത്. ദുബായിലെ ഉന്നത ഉദ്യോഗസ്ഥരുമായി വലിയ ബന്ധം സ്ഥാപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കേസുകളിലും മറ്റും കുടുങ്ങിപ്പോകുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഹാരിസിന്റെ ഈ ബന്ധം വലിയ ആശ്വാസമായിരുന്നു. ജീവകാരുണ്യ രംഗത്തും ഹാരിസ് സജീവമായിരുന്നു.
നാട്ടിലും പ്രമുഖ വ്യക്തികളുമായി ഹാരിസിന് വലിയ ബന്ധം ഉണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരടക്കം ഉള്ളവരുമായി ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ഹാരിസിന്റെ പെട്ടെന്നുള്ള വേര്‍പാട് ദുബായിയെ ശോകമൂകമാക്കിയിരിക്കയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വേര്‍പാട് താങ്ങാനുള്ള ശക്തി അല്ലാഹു നല്‍കുമാറാകട്ടെ. ആമീന്‍.