കാസര്‍കോട്: കാസര്‍കോട് നഗരസഭാ പി.എം.എ.വൈ-ലൈഫ് ഗുണഭോക്തൃ സംഗമം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വീടില്ലാത്തവന് വീട് ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തിന് അതിരില്ലെന്നും ഓരോരുത്തര്‍ക്കും വീട് നല്‍കിക്കഴിഞ്ഞതിന് ശേഷവും തുടരുന്ന പദ്ധതിയുടെ ഗുണം അനുഭവിക്കുന്ന നിരവധിപേരാണ് അദാലത്തില്‍ എത്തുന്നതെന്നും കാസര്‍കോട് നഗരസഭാ പ്രദേശത്ത് മാത്രം 309 വീടുകളാണ് ലൈഫില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
വൈദ്യുതി, റേഷന്‍കാര്‍ഡ്, അടിസ്ഥാന സൗകര്യം, സുരക്ഷ, ശുചിത്വം, ജോലി തുടങ്ങി വിവിധ പദ്ധതികളുടെ സംഗമമാണ് ലൈഫ് കുടുംബ മേളയില്‍ ഒരുക്കിയിരിക്കുന്നതെന്നും ഐശ്വര്യപൂര്‍ണമായ ഒരു ജീവിതത്തിന് സഹായിക്കുന്നതാകട്ടെ ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷതവഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ നൈമുന്നിസ, ഫര്‍സാന ശിഹാബുദ്ദീന്‍, സമീന മുജീബ്, കൗണ്‍സിലര്‍മാരായ റാഷിദ് പൂരണം, കെ.ജി മനോഹരന്‍, മുന്‍ കൗണ്‍സിലര്‍മാരായ എ.എം കടവത്ത്, ജി.നാരായണന്‍, ഹരിതകേരള മിഷന്‍ കോ-ഓഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍, നഗരസഭാ സെക്രട്ടറി എസ്.ബിജു തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പുകള്‍ സജ്ജമാക്കിയ സ്റ്റാളുകള്‍ എം.എല്‍.എ സന്ദര്‍ശിച്ചു.
പബ്ലിക് റിലേഷന്‍ വകുപ്പ് ഒരുക്കിയ സ്റ്റാളില്‍ സന്ദര്‍ശിച്ച് പി.ആര്‍.ഡി പുറത്തിറക്കിയ സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍ അടങ്ങിയ പുസ്തകത്തിന്റെ ജില്ലാതല ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ നിര്‍വ്വഹിച്ചു. തുടര്‍ന്ന് സാമൂഹ്യ സുരക്ഷാ പദ്ധതികളെക്കുറിച്ചും ഡയറി ഉത്പന്നങ്ങളും സേവനങ്ങളും എന്ന വിഷയത്തിലും കുടുംബശ്രീ ചെറുകിട സംരഭങ്ങള്‍, വിമുക്തി, ഗാര്‍ഹിക ശുചിത്വമാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളിളും അദാലത്തില്‍ ക്ലാസുകള്‍ നടന്നു.