നീലേശ്വരം: നീലേശ്വരം മുതല്‍ തളിപ്പറമ്പ് വരെ ദേശീയപാത ആറുവരിയാക്കുന്നു. ഇതിനുവേണ്ടിയുള്ള ടെണ്ടര്‍ വിജ്ഞാപനമായി. ഇതോടെ ദേശീയപാതയില്‍ തലപ്പാടി മുതല്‍ തളിപ്പറമ്പ് വരെയുള്ള ഭാഗത്ത് വീതി കൂട്ടുന്നതിനുള്ള നടപടികള്‍ വേഗത്തിലായി. 1568.59 കോടി രൂപയാണ് ആറു വരിപാതക്ക് മതിപ്പുചെലവ് കണക്കാക്കുന്നത്. പുതിയ പാതയുടെ രൂപരേഖ തയ്യാറാക്കി നിര്‍മ്മിച്ച് കൈമാറുന്നതിനുള്ള ടെണ്ടറാണ് ക്ഷണിച്ചിട്ടുള്ളത്. ഫെബ്രുവരി 17 വരെയാണ് ടെണ്ടര്‍ സ്വീകരിക്കുന്നത്. നീലേശ്വരത്ത് നിര്‍മ്മാണത്തിലിരിക്കുന്ന റെയില്‍വേ മേല്‍പാലത്തിന്റെ തെക്ക് ഭാഗത്തു നിന്ന് തുടങ്ങി തളിപ്പറമ്പ് കുറ്റിക്കോല്‍ വരെയുള്ള സ്ഥലത്തെ പ്രവൃത്തിക്കാണ് ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്. സമരങ്ങളിലൂടെ വിവാദമായ കീഴാറ്റൂരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. തലപ്പാടി മുതല്‍ ചെങ്കള വരെയും ചെങ്കള മുതല്‍ നീലേശ്വരം റെയില്‍വേ മേല്‍പാലത്തിന്റെ വടക്കേ അറ്റം വരെയുമുള്ള സ്ഥലത്ത് പാത നിര്‍മ്മാണത്തിന് നേരത്തെ ടെണ്ടര്‍ ക്ഷണിച്ചിരുന്നു. ജനുവരി 16 ന് ടെണ്ടര്‍ തുറക്കും. ആറു വരിപാതയില്‍ ഉള്‍പ്പെടുന്ന നീലേശ്വരം മേല്‍പാലത്തിന്റെ പ്രവൃത്തി ദൃതഗതിയില്‍ നടന്നു വരികയാണ്.