കാസര്‍കോട്: ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ 80-ാം പിറന്നാളിനോടനുബന്ധിച്ച് വെള്ളിയാഴ്ച്ച പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്ത്വത്തില്‍ സംഗീതാര്‍ച്ചന നടക്കും. യേശുദാസിന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് 2000ത്തിലാണ് മൂകാംബികാ സംഗീതാരാധനാ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഗീതോത്സവത്തിന് തുടക്കം കുറിച്ചത്. രാവിലെ മുതല്‍ വൈകുന്നേരം വരെ നീളുന്ന സംഗീതാരാധനയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി സംഗീതജ്ഞര്‍ പങ്കെടുക്കും. മൂകാംബികാസംഗീതാരാധനാ സമിതി ഏര്‍പ്പെടുത്തിയ ആറാമത് ‘സൗപര്‍ണ്ണികാമൃതം’ പുരസ്‌കാരം കൊച്ചിയിലെ പ്രശസ്ത സംഗീതജ്ഞന്‍ ടി.എസ്. രാധാകൃഷ്ണന് സമര്‍പ്പിക്കും. സംഗീതാര്‍ച്ചനാ വേദിയില്‍ നടക്കുന്ന ചടങ്ങില്‍ യേശുദാസ് പുരസ്‌ക്കാരം സമ്മാനിക്കും. 10001 രൂപ, ശില്‍പ്പം, പ്രശസ്തി പത്രം, പൊന്നാട എന്നിവയുള്‍പ്പെട്ടതാണ് പുരസ്‌ക്കാരമെന്ന് കൊല്ലൂര്‍ ശ്രീമൂകാംബികാ സംഗീതാരാധാനാ ചെയര്‍മാന്‍ വി.വി പ്രഭാകരന്‍ അറിയിച്ചു.