കാസര്‍കോട്: പൊലീസ് പരിശോധന കര്‍ശനമാകുമ്പോഴും പാന്‍ ഉല്‍പന്നങ്ങളുടെ വില്‍പന കുറയുന്നില്ല. കാസര്‍കോട് നഗരത്തിലെ ചില കടകളിലടക്കം പാന്‍ ഉല്‍പന്നങ്ങള്‍ രഹസ്യമായി വില്‍പന നടത്തുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. കര്‍ണാടകയില്‍ നിന്ന് തുച്ഛമായ വിലക്ക് എത്തിക്കുന്ന പാന്‍ ഉല്‍പന്നങ്ങള്‍ മൂന്നിരട്ടിയും അതിലുമേറെ വിലക്കാണത്രെ വില്‍ക്കുന്നത്. രഹസ്യമായി സൂക്ഷിച്ച് കോഡ് മുഖേനയാണത്രെ കടകളില്‍ വില്‍ക്കുന്നത്. പാന്‍ ഉല്‍പന്നങ്ങളും പാന്‍ ഉല്‍പന്നങ്ങള്‍ അടങ്ങിയ ബീഡകളും ഉപയോഗിക്കുന്നവര്‍ ഏറെയാണ്. ഇതര സംസ്ഥാനത്തുനിന്ന് ഉള്ളവരാണ് കൂടുതലായും പാന്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത്.
പാന്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലടക്കം തുപ്പി മലിനമാക്കുന്നതായും പരാതിയുണ്ട്.
വാഹനങ്ങളില്‍ പോകുമ്പോള്‍ പാന്‍ ഉല്‍പന്നങ്ങള്‍ തുപ്പുന്നത് കാരണം ഇരുചക്ര വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമുണ്ടാകുന്നു. വസ്ത്രങ്ങളിലടക്കം ഇവ പതിക്കുന്നതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയില്‍ നിന്ന് കടത്തുകയായിരുന്ന പാന്‍ മസാലകള്‍ ഒട്ടേറെ തവണ പിടിച്ചിരുന്നു. എന്നിട്ടും കടത്തിന് കുറവൊന്നുമില്ല.
പാന്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവരെ പിടികൂടിയാല്‍ തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയാണ് പതിവ്. നടപടി ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.