ബേക്കല്‍: പനയാല്‍ കാട്ടിയടുക്കം ദേവകി കൊല്ലപ്പെട്ടിട്ട് മൂന്നുവര്‍ഷം തികഞ്ഞു. ഈ കേസില്‍ ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയിട്ടും നാളിതുവരെ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഘാതകസംഘം ഇപ്പോഴും നിയമത്തിന്റെ കണ്ണുവെട്ടിച്ച് കാണാമറയത്തുതന്നെയാണ്. 2017 ജനുവരി 13ന് വൈകിട്ടാണ് അറുപത്തെട്ടുകാരിയായ ദേവകിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നത്. തനിച്ച് താമസിക്കുകയായിരുന്ന ദേവികയെ നിലത്ത് വിരിച്ച പായയിലാണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. അന്നത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായിരുന്ന കെ. ദാമോദരന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ ആദ്യം അന്വേഷണം നടത്തിയിരുന്നത്. ദേവകിയുടെ ബന്ധുക്കള്‍ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും കേസിന് തുമ്പുണ്ടാക്കാന്‍ സഹായകമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ദേവകിയുടെ ഘാതകരെ കണ്ടെത്താന്‍ പൊലീസിന് കഴിയാതിരുന്നത് നാട്ടില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. സി.പി.എം ശക്തികേന്ദ്രത്തില്‍ നടന്ന കൊലപാതകമായതിനാല്‍ അണികളുടെ വികാരം കണക്കിലെടുത്ത് പാര്‍ട്ടി നേതൃത്വം ഇടപെടുകയും ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും സമരപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കേസിന്റെ അന്വേഷണം സംസ്ഥാനസര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് സംഘം കാട്ടിയടുക്കത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുകയും ലോക്കല്‍ പൊലീസ് നേരത്തെ ചോദ്യം ചെയ്തവരെ വീണ്ടും ചോദ്യം ചെയ്യലിന് വിധേയരാക്കുകയും ചെയ്തു. എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിനും കഴിഞ്ഞില്ല. മാസങ്ങള്‍ക്ക് മുമ്പ് ക്യാമ്പ് ഓഫീസ് അടച്ചുപൂട്ടി ക്രൈംബ്രാഞ്ച് സംഘം തിരിച്ചുപോയി. ഇതോടെ ദേവകിവധക്കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും നിലച്ചു.