കാഞ്ഞങ്ങാട്: കാസര്‍കോട് നഗരസഭ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസാക്കിയതിന് പിറകെ കാഞ്ഞങ്ങാട് നഗരസഭയും പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തെ എല്‍.ഡി.എഫും യു.ഡി.എഫും ഒരു പോലെ പിന്തുണച്ചപ്പോള്‍ എതിര്‍പ്പുമായി ബി.ജെ.പി രംഗത്തുവന്നത് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റത്തിനും കയ്യാങ്കളിക്കും ഇടയാക്കി. തിങ്കളാഴ്ച വൈകിട്ടാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാഞ്ഞങ്ങാട് നഗരസഭയും പ്രമേയം കൊണ്ടുവന്നത്. പ്രമേയം ചെയര്‍മാന്‍ വി.വി രമേശന്‍ വായിച്ചതോടെ മുദ്രാവാക്യം വിളികളുമായി ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ചെയര്‍മാന്റെ ചേംബര്‍ വളഞ്ഞു. ഇതോടെ എല്‍.ഡി.എഫ്, യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ബി.ജെ.പി കൗണ്‍സിലര്‍മാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് പ്രശ്‌നം കയ്യാങ്കളിയിലെത്തുകയായിരുന്നു. വനിതാ കൗണ്‍സിലര്‍മാര്‍ തമ്മിലും ഉന്തും തള്ളുമുണ്ടായി. ബഹളത്തിനിടയില്‍ പ്രമേയം പാസാക്കുകയായിരുന്നു. കൗണ്‍സില്‍ നടപടികള്‍ തടസ്സപ്പെടുത്തും വിധം ബഹളം വെച്ച ബി.ജെ.പി കൗണ്‍സിലര്‍മാരോട് പുറത്തുപോകാന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥരോട് ഇവരെ നീക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ക്ക് നേരെയും തിരിയുകയായിരുന്നു. പിന്നീട് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഹാളില്‍ നിന്നും ഇറങ്ങിപ്പോയി. അച്ചടക്കം ലംഘിച്ചതിന് ആറ് ബി.ജെ.പി കൗണ്‍സിലര്‍മാരെ ആറു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. എം. ബല്‍രാജ്, പി.വി അജയകുമാര്‍, എച്ച്.ആര്‍ ശ്രീധരന്‍, എച്ച്. ആര്‍ സുകന്യ, വിജയാമുകുന്ദ്, സി.കെ വത്സലന്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.