ബദിയടുക്ക: അന്തിയുറങ്ങാന്‍ കൂരയില്ലാത്തവര്‍ക്ക് വീടുകള്‍ നല്‍കി കണ്ണീരൊപ്പുന്ന കിളിംഗാറിലെ സായിറാം ഗോപാലകൃഷ്ണ ഭട്ട് നിര്‍മ്മിച്ച് നല്‍കുന്ന 260-ാമത്തെ വീടിന്റെ താക്കോല്‍ കൈമാറി. സായി നിലയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ബേളയിലെ അപ്പകുഞ്ഞിയുടെ ഭാര്യ ശാരദക്ക് താക്കോല്‍ കൈമാറി.
ജാതിയോ, മതമോ, രാഷ്ട്രീയമോ ഒന്നും നോക്കാതെ ആരാണോ അര്‍ഹര്‍ അവരെ കണ്ടെത്തിയാണ് സായിറാം ഭട്ട് എന്നറിയപ്പെടുന്ന ഗോപാലകൃഷ്ണ ഭട്ട് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. തന്റെ സമ്പാദ്യത്തില്‍ നിന്ന് നിശ്ചിത തുക മാറ്റിവെച്ചാണ് സായിറാം ഭട്ട് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതുള്‍പ്പെടെയുള്ള കാരുണ്യ പ്രവര്‍ത്തനം നടത്തുന്നത്. തുടക്കത്തില്‍ വീടൊന്നിന് 75,000 രൂപയാണ് വേണ്ടിവന്നിരുന്നതെങ്കിലും നിലവില്‍ സാധനങ്ങളുടെ വില വര്‍ധിച്ചതോടെ രണ്ട് ലക്ഷം രൂപയിലധികം വേണ്ടി വരുന്നതായി സായിറാം ഭട്ട് പറയുന്നു. വീടിന് പുറമെ നിര്‍ധന കുടുംബത്തിലെ യുവതികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് തയ്യല്‍ മെഷീനുകളും കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് കുടിവെള്ള പദ്ധതികളും ചെയ്ത് കൊടുക്കുന്നുണ്ട്. അതോടൊപ്പം എല്ലാ ശനിയാഴ്ചയും അദ്ദേഹത്തിന്റെ വീടിന് സമീപമുള്ള സായി മന്ദിരത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തിവരുന്നു.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍. കൃഷ്ണ ഭട്ട്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശാ്യം പ്രസാദ് മാന്യ, പഞ്ചായത്ത് അംഗങ്ങളായ ഡി. ശങ്കര, ബദിയടുക്ക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം. നാരായണ, പി.ജി. ചന്ദ്രഹാസ റൈ തുടങ്ങിയവര്‍ സംബന്ധിച്ചു. നിര്‍ധന കുടുംബത്തില്‍പ്പെട്ട ഏഴ് യുവതിക്കള്‍ക്ക് തയ്യല്‍ മെഷീനും എം.പി. വിതരണം ചെയ്തു.