കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിക്ക് 84.38 കോടി രൂപയുടെ ബജറ്റ് വിഹിതം വകയിരുത്തി. ജനറല്‍ വിഭാഗത്തില്‍ 29.56 കോടി രൂപയും പട്ടികജാതി വിഭാഗത്തില്‍ 4.17 കോടി രൂപയും പട്ടികവര്‍ഗ വിഭാഗത്തില്‍ 3.87 കോടിയും ചെലവഴിക്കും. റോഡ് അറ്റകുറ്റപ്പണിക്ക് 41.10 കോടിയും റോഡിതര അറ്റകുറ്റപ്പണിക്ക് 5.67 കോടി രൂപയുമാണ് ചെലവഴിക്കുക. ജില്ലാ പഞ്ചായത്ത് പതിമൂന്നാം പഞ്ചവത്സര പദ്ധതി (2017 -2022) വാര്‍ഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായാണ് വര്‍ക്കിങ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം ചേര്‍ന്നത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ അധ്യക്ഷതവഹിച്ചു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച 385 കിലോ വാട്ടിന്റെ സോളാര്‍ പദ്ധതിയുടെ രേഖകള്‍ ബന്ധപ്പെട്ട സ്ഥാപന പ്രതിനിധികള്‍ക്ക് യോഗത്തില്‍ കൈമാറി. ചെമ്മട്ടംവയല്‍ ജില്ലാ ആസ്പത്രി, ജില്ലാ ആയുര്‍വേദ ആസ്പ്രതി, മൊഗ്രാല്‍ പുത്തൂര്‍ ജി.എച്ച്.എസ്.എസ്, ഉപ്പള ജി.എച്ച്.എസ്.എസ്, ചന്ദ്രഗിരി ജി.എച്ച്.എസ്.എസ് എന്നിവടങ്ങളിലാണ് സോളാര്‍ പദ്ധതി നടപ്പാക്കിയത്. കെ.എസ്.ഇ.ബിക്ക് വേണ്ടി ഇന്‍കെല്‍ ആണ് പദ്ധതി നിര്‍വഹണം നടത്തിയത്.