ചെര്‍ക്കള: എടനീരില്‍ മുസ്ലിംലീഗ്-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. കുത്തേറ്റ രണ്ടുപേരുടെ നില ഗുരുതരം. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ എടനീരിലെ ആഷിഫ് (25), ലീഗ് പ്രവര്‍ത്തകന്‍ റഷീദ് (28) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും ആദ്യം ചെങ്കള നായനാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റി. സാനിഫര്‍(25), ഇര്‍ഷാദ്(24) എന്നിവര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. എസ്. ഡി.പി.ഐ.യുടെ പൗരത്വമാര്‍ച്ചുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പതിച്ചതിനെചൊല്ലി നേരത്തെ ലീഗ്-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈപ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാത്രിയില്‍ ഇതേച്ചൊല്ലി വാക്‌പോര് ഉണ്ടായതോടെ വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ്.ഐ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.