കാസര്‍കോട്: നാല് ദിവസം മുമ്പ് നഗരത്തിലെ റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിക്കുന്നതിനിടെ മരിച്ചത് പയ്യന്നൂര്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. പയ്യന്നൂര്‍ പുതിയകൊവ്വലിലെ അബൂബക്കര്‍ (61) ആണ് മരിച്ചത്. കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരത്തെ മുബാറക് മസ്ജിദിന് സമീപം ഫുട്പാത്തില്‍ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസ് ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ആളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. ഇതര സംസ്ഥാനത്ത് നിന്നുള്ള ആളാണെന്നാണ് സംശയിച്ചിരുന്നത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. പത്രത്തില്‍ ഫോട്ടോ കണ്ട് ഇന്നലെ ബന്ധുക്കള്‍ കാസര്‍കോട്ടെത്തി. അതിനിടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ബന്ധുക്കള്‍ അവിടെ എത്തിയാണ് ആളെ തിരിച്ചറിഞ്ഞത്. ഭാര്യ: ഫാത്തിമ. അബൂബക്കറിന് നാല് മക്കളുണ്ട്. വീട്ടില്‍ നിന്ന് ഇടക്കിടെ ഇറങ്ങാറുള്ള അബൂബക്കര്‍ പല ഭാഗങ്ങളിലുമായാണ് കഴിഞ്ഞുവന്നത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.