കാഞ്ഞങ്ങാട്: ട്രെയിന്‍ കടന്നുപോയപ്പോള്‍ റെയില്‍വേ ഗേറ്റിലെ വഴി തടസ്സപ്പെടുത്തി മദ്യപാനിയായ യുവാവ് നടത്തിയ പരാക്രമം വാഹനങ്ങള്‍ കുടുങ്ങാന്‍ കാരണമായി. ചൊവ്വാഴ്ച്ച വൈകിട്ട് 5.40 മണിയോടെ ആവിക്കര റെയില്‍വേ ഗേറ്റിലാണ് സംഭവം. ട്രെയിന്‍ കടന്നുപോയ ശേഷം വാഹനങ്ങള്‍ക്ക് പോകാന്‍ ഗേറ്റ് തുറന്നെങ്കിലും അവിടെയെത്തിയ മദ്യപാനി വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കാതെ പരാക്രമം നടത്തുകയായിരുന്നു. ഒരു ബൈക്കിന്റെ താക്കോല്‍ യുവാവ് ഊരിയെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ബൈക്കിന്റെ ഉടമസ്ഥന്‍ യുവാവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതോടെ കൈയ്യാങ്കളി വരെ എത്തി. ഇതോടെ കടന്നു പോകാനാകാതെ വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. ഈ സമയം അടുത്ത ട്രെയിന്‍ കടന്നു പോകുന്നതിനായി ഗേറ്റ് അടക്കേണ്ട സമയവുമായിരുന്നു. ഇതിനിടെ യുവാവിന്റെ കൈയില്‍ നിന്ന് തന്ത്രപൂര്‍വ്വം താക്കോല്‍ കൈക്കലാക്കി ഉടമസ്ഥന്‍ ബൈക്കുമായി പോയി. ഇതോടെ യുവാവ് പിന്തിരിയുകയായിരുന്നു. പിന്നീട് 10 മിനിട്ട് കഴിഞ്ഞാണ് ഗേറ്റടക്കാന്‍ സാധിച്ചത്.