കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വീണ്ടും ക്ഷേത്രത്തില്‍ കവര്‍ച്ച. മാവുങ്കാല്‍ പുതിയകണ്ടം പരശിവ വിശ്വകര്‍മ്മക്ഷേത്രം ഭണ്ഡാരം ആണ് കവര്‍ന്നത്. കാളികാംബ ദേവിയുടെ പ്രതിഷ്ഠയ്ക്ക് സമീപത്തെ ഭണ്ഡാരം ആണ് തകര്‍ത്ത നിലയില്‍ കണ്ടത്. ഇന്ന് രാവിലെ അഞ്ചുമണിയോടെ ക്ഷേത്ര മേല്‍ശാന്തി ഹരിശ്ചന്ദ്ര പുരോഹിതര്‍ ക്ഷേത്രം തുറക്കാന്‍ എത്തിയപ്പോഴാണ് ഭണ്ഡാരം തകര്‍ത്ത നിലയില്‍ കണ്ടത്. ഉടന്‍ നാട്ടുകാരെയും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊടിമരത്തിന് അടുത്തുള്ള ഭണ്ഡാരത്തിലെ പൂട്ട് തകര്‍ത്തെങ്കിലും തുറ തുറക്കാനായില്ല. ഇരുപതിനായിരം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് സംഭവസ്ഥലത്തെത്തി. ക്ഷേത്രത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്നതിനാല്‍ ചുറ്റുമതില്‍ പൊളിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കാഞ്ഞങ്ങാട്ട് ക്ഷേത്ര കവര്‍ച്ച നടക്കുന്നത്. ഇന്നലെ പുലര്‍ച്ചെ പടന്നക്കാട് കടിഞ്ഞത്തൂര്‍ മഹാവിഷ്ണു ക്ഷേത്രം കുത്തിത്തുറന്ന് 18 പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്നിരുന്നു.