കാസര്‍കോട്: അപകടം സംഭവിച്ചിട്ടും ഇന്‍ഷുറന്‍സ് നിഷേധിച്ചതായുള്ള പരാതിയില്‍ കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് ഉപഭോക്തൃതര്‍ക്ക പരിഹാരഫോറം ഉത്തരവിട്ടു. ചട്ടഞ്ചാല്‍ ബെണ്ടിച്ചാല്‍ എയ്യളയിലെ യൂസഫിന്റെ മകന്‍ അബ്ദുല്‍ മുനീറിന് ബജാജ് അലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനി കോടതി ചെലവടക്കം 30,228 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനി അബ്ദുല്‍ മുനീറിന് ചെക്ക് നല്‍കിയിട്ടുണ്ട്. 2014 ഏപ്രില്‍ 11ന് മാങ്ങാട് കൂളിക്കുന്നിലാണ് അബ്ദുല്‍ മുനീറിന്റെ കെ.എല്‍. 14 കെ. 3940 നമ്പര്‍ മാരുതി 800 കാറില്‍ എതിരെ വന്ന റിട്‌സ് കാറിടിച്ച് അപകടം സംഭവിച്ചത്. വാഹനത്തിന് കേടുപാട് സംഭവിച്ചതല്ലാതെ യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നില്ല. പിന്നീട് അബ്ദുല്‍ മുനീര്‍ ഇന്‍ഷുറന്‍സ് കമ്പനിയെ ഇന്‍ഷുറന്‍സിനായി സമീപിച്ചെങ്കിലും വണ്ടിക്ക് ആദ്യം ഇന്‍ഷുറന്‍സ് ഉണ്ടായിരുന്ന കമ്പനിയില്‍ നിന്നും ബജാജ് അലയന്‍സിലേക്ക് ഇന്‍ഷുറന്‍സ് മാറ്റിയപ്പോള്‍ നല്‍കേണ്ടിയിരുന്ന അധിക തുക അടച്ചില്ലെന്ന കാരണം പറഞ്ഞാണ് കമ്പനി ആവശ്യം നിരസിച്ചത്. ഇതേ തുടര്‍ന്നാണ് മുനീര്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.