നീലേശ്വരം: രോഗത്തിനും ദുരിതത്തിനും മുന്നില്‍ തളര്‍ന്നു വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട രോഗാതുരതമായ ജീവിതത്തില്‍ നിന്നും ബോട്ട് യാത്രയും കായലോര കാഴ്ചകളും വല്ലാത്ത അനുഭൂതി സമ്മാനിച്ചു.
മരുന്നു മണക്കുന്ന റൂമും ഒറ്റപ്പെടലിന്റെ അസഹനീയതയും കായലിലെ കാറ്റിലും കാഴ്ചകളിലും അലിഞ്ഞില്ലാതായ നിമിഷങ്ങള്‍ സമ്മാനിച്ച മണിക്കൂറുകളെ കുറിച്ചാണ് 108 വയസ്സായ മുള്ളേരിയയില്‍ നിന്നുള്ള ചോമാറുവിന് പറയാനുള്ളത്.
പാലിയേറ്റീവ് ദിനമായ ജനുവരി 15ന് മുളിയാറിലെ കോട്ടൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷനാണ് തങ്ങളുടെ പാലിയേറ്റീവ് വിങ്ങിന്റെ കീഴിലുള്ള രോഗികളുമായി തൃക്കരിപ്പൂരിലുള്ള വെള്ളാപ്പില്‍ ബോട്ടിങ്ങിനെത്തിയത്. കാന്‍സര്‍, പക്ഷാഘാതം, സെറിബ്രല്‍ പാഴ്‌സി, ഓട്ടിസം, കിഡ്‌നി രോഗം, വാര്‍ധക്യ സഹജമായ രോഗം ഉള്‍പ്പെടെ മുപ്പതോളം രോഗികളും ഫൗണ്ടേഷന്‍ പ്രവര്‍ത്തകരുമാണ് മണിക്കൂറുകളോളം ബോട്ടിംഗ് നടത്തിയത്.
ജീവിതത്തില്‍ ആദ്യമായാണ് പലരും ബോട്ടു കാണുന്നതും യാത്രചെയ്യുന്നതുമെല്ലാം. കുറച്ചു സമയത്തേക്ക് എല്ലാ വേദനകളും പ്രയാസങ്ങളും മറന്നു ആടിയും പാടിയും വിഷമങ്ങള്‍ കായലിന് കൈമാറി വൈകുന്നേരത്തോട് കൂടി അവര്‍ മടങ്ങി.
അക്കര ഫൗണ്ടേഷന്‍ പ്രോജക്ട് മാനേജര്‍ മുഹമ്മദ് യാസിര്‍, പാലിയേറ്റീവ് ലീഡര്‍ മൊയ്തീന്‍ പൂവടുക്കം, പാലിയേറ്റീവ് നഴ്‌സ് പത്മിനി, ഫിസിയോതെറാപ്പിസ്റ്റുമാരായ ജിനില്‍, നിഖില്‍, സോഷ്യല്‍ വര്‍ക്കര്‍ ജോബിന്‍, വളണ്ടിയര്‍മാരായ മഖ്‌സൂദ്, ശംസുദ്ദീന്‍ എന്നിവര്‍ ടീമിന് നേതൃത്വം നല്‍കി.