കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ്.ഡി.പി.ഐ കാസര്‍കോട്ട് നിന്ന് രാജ്ഭവനിലേക്ക് നടത്തുന്ന സിറ്റിസണ്‍സ് മാര്‍ച്ച് വെള്ളിയാഴ്ച ആരംഭിക്കും. വൈകിട്ട് നാലിന് കാസര്‍കോട് മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് ദേശീയ വൈസ് പ്രസിഡന്റ് ദഹ്ലാന്‍ ബാഖവി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആദ്യദിന സമാപന സമ്മേളനം രാത്രി 7 ന് നായന്മാര്‍മൂലയില്‍ നടക്കും. സംസ്ഥാന പ്രസിഡണ്ട് പി. അബ്ദുല്‍ മജീദ് ഫൈസി, കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് ഇല്യാസ് തുംബെ, പി.ഡി.പി ദേശീയ കമ്മിറ്റി അംഗം എസ്.എം ബഷീര്‍ അഹമ്മദ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എച്ച് അബ്ദുല്‍ നാസര്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, എം. ഗീതാനന്ദന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലകളില്‍ നടക്കുന്ന സമാപനസമ്മേളനങ്ങളില്‍ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കലാസംഘം അവതരിപ്പിക്കുന്ന ‘മേരേ പ്യാരേ ദേശ് വാസിയോം’ തെരുവരങ്ങ് ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ അജ്മല്‍ ഇസ്മായില്‍, കെ.കെ അബ്ദുല്‍ ജബ്ബാര്‍, എന്‍.യു അബ്ദുല്‍ സലാം സംബന്ധിച്ചു.