കാസര്‍കോട്: സോഷ്യല്‍ റിസര്‍ച്ച് സൊസൈറ്റിയുടെ സോഷ്യലി റെസ്‌പോണ്‍സ്ബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ അവാര്‍ഡ് 2020 കാസര്‍കോട് പീസ് പബ്ലിക് സ്‌കൂളിന്. 708 വിദ്യാലയങ്ങളില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 17 വിദ്യാലയങ്ങള്‍ക്കാണ് അവാര്‍ഡ്. വിദ്യാലയങ്ങള്‍ അവരുടെ കുട്ടികളെ സാമൂഹ്യ പ്രതിബദ്ധതക്ക് പ്രാപ്തരാക്കാന്‍ എത്ര മാത്രം ഇടപെടുന്നുവെന്നും അത്തരം സാമൂഹ്യ വിഷയങ്ങളിലൂന്നിയ പാഠ്യ പദ്ധതിയാണോ സ്‌കൂളില്‍ കൈകാര്യം ചെയ്യുന്നത് എന്നതിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാലയങ്ങള്‍ക്ക് പുരസ്‌കാരം നല്‍കുന്നത്. തിരുവനന്തപുരം നളന്ദയിലെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന ചടങ്ങ് സംസ്ഥാന തുറമുഖ പുരാവസ്തു ഗവേഷണ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അവാര്‍ഡുകള്‍ വിതരണം ചെയ്തു. പീസ് സ്‌കൂളിനെ പ്രതിനിധീകരിച്ചു സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ജലീല്‍ മര്‍ത്യ, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സഫ്‌വാന്‍, വിദ്യാര്‍ത്ഥികളായ ഇശാം അബ്ദുല്ല, യാസിര്‍ അമീര്‍ അലി എന്നിവര്‍ മന്ത്രിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. എം.എ ഷാഫി, വൈസ് ചെയര്‍മാന്‍ ഷഹീന്‍ മുഹമ്മദ് ഷാഫി, എം.പി ഇന്റര്‍നാഷണല്‍ അക്കാദമി ഡീന്‍ പ്രൊഫ: ഡോ: എ.എ.എം കുഞ്ഞി, മാനേജര്‍ ഷംസുദ്ദീന്‍ തുടങ്ങിയവര്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും അഭിനന്ദിച്ചു.