കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന് മുന്നോടിയായി സമരജ്വാല തീര്‍ത്തു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചുവട്ടിലാണ് സമരം സംഘടിപ്പിച്ചത്. ദുരിതബാധിതരും അമ്മമാരും മെഴുകുതിരി കത്തിച്ചു. സമരത്തിന്റെ ഭാഗമായി പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാഭായ് ജ്വാലാപട്ടി എന്ന നാടകം അവതരിപ്പിച്ചു.
കുഞ്ഞികൃഷ്ണന്‍ അമ്പലത്തറ, നാരായണന്‍ പേരിയ, സുബൈര്‍ പടുപ്പ്, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, ഗോപിനാഥന്‍, മുനീസ അമ്പലത്തറ, കെ. ചന്ദ്രാവതി, ഗോവിന്ദന്‍ കയ്യൂര്‍ എന്നിവര്‍ സമരജ്വാലക്ക് നേതൃത്വം നല്‍കി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അമ്മമാരും കുട്ടികളും സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ പട്ടിണി സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുമായി നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയിലെ വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 30ന് വീണ്ടും സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താനാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ തീരുമാനം.