കാസര്‍കോട്: ചന്ദ്രഗിരിപാലത്തില്‍ ഞായറാഴ്ച മുതല്‍ ചെറുവാഹനങ്ങള്‍ക്ക് ഗതാഗതം അനുവദിക്കാമെന്ന ഉറപ്പ് കെ.എസ്.ടി.പി അധികൃതര്‍ പാലിച്ചില്ല. ഞായറാഴ്ച പാലം അടഞ്ഞുതന്നെ കിടന്നു. ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. 10 ദിവസം കൊണ്ട് പാലത്തിന്റെ അറ്റകുറ്റപ്പണി തീര്‍ത്തുതരാമെന്ന് പറഞ്ഞാണ് പാലം അടച്ചിടാന്‍ ജില്ലാ കലക്ടറുടെ അനുമതി തേടിയത്. ഈമാസം രണ്ട് മുതല്‍ 12 വരെ അടച്ചിടുന്നതിന് ജില്ലാ കലക്ടറില്‍ നിന്ന് രേഖാമൂലം അനുമതി വാങ്ങിയിരുന്നു. എന്നാല്‍ ഈ സമയപരിധി കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി തീരാത്തതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടിയപ്പോഴാണ് 11നാണ്് കോണ്‍ക്രീറ്റ് വര്‍ക്ക് പൂര്‍ത്തിയായതെന്നും ഏഴ് ദിവസം ഉണങ്ങാന്‍ എടുത്ത ശേഷം 19ന് ചെറുവാഹനങ്ങള്‍ക്ക് പാലം തുറന്നുകൊടുക്കുമെന്നും കരാറുകാര്‍ അറിയിച്ചത്. ഇതനുസരിച്ച് 19ന് പാലം തുറക്കുമെന്ന് പത്രവാര്‍ത്തകളുമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ക്രീറ്റ് ഉണങ്ങിയിട്ടില്ലെന്ന് പറഞ്ഞ് പാലം അടച്ചിട്ടുതന്നെയിരിക്കുകയാണ്.
ഇക്കാര്യം ശ്രദ്ധയില്‍പെട്ട ജില്ലാ കലക്ടര്‍ ബന്ധപ്പെട്ടവരില്‍ നിന്ന് വിശദീകരണം തേടുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. 11ന് കോണ്‍ക്രീറ്റ് പണി പൂര്‍ത്തിയാകാത്തതുകൊണ്ടായിരിക്കണം പാലം ഗതാഗതത്തിന് തുറക്കാന്‍ കഴിയാത്തത്. കൂടുതല്‍ ജോലിക്കാരെ വെച്ച് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞ വാക്കുകളും ലംഘിച്ചതായും അദ്ദേഹംപറഞ്ഞു. അതേസമയം 19ന് ചെറുവാഹനങ്ങള്‍ക്ക് ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ ഇതുവഴി വന്നിരുന്നു. എന്നാല്‍ പാലം അടച്ചിട്ട നിലയില്‍ കണ്ട് നിരാശരായി മടങ്ങുകയായിരുന്നു.