കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന രണ്ട് ലക്ഷം രൂപയുടെ പാന്‍ ഉല്‍പന്നങ്ങള്‍ പൊലീസ് പിടികൂടി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടിച്ചു. കാസര്‍കോട് സി.ഐ സി.എ അബ്ദുല്‍റഹീമിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.ഐമാരായ ഷെയ്ഖ് അബ്ദുല്‍റസാഖ്, മെല്‍വിന്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പത്തരയോടെ സി.പി.സി.ആര്‍.ഐക്ക് സമീപം ദേശീയ പാതയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പാന്‍ ഉല്‍പന്നങ്ങളുടെ കടത്ത് പിടിച്ചത്. പൊലീസ് പിടികൂടുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. ചൗക്കി സ്വദേശി മഷൂദാ(27)ണ് അറസ്റ്റിലായത്. കെ.എല്‍ 14 ഡബ്ല്യു 7799 നമ്പര്‍ ക്രസ്റ്റ കാറിലാണ് പാന്‍ ഉല്‍പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. ചാക്കുകെട്ടുകളിലാക്കി കാറിന്റെ പിറകിലെ സീറ്റിലും ഡിക്കിയിലും സൂക്ഷിച്ചാണ് കടത്താന്‍ ശ്രമിച്ചത്. കര്‍ണാടകയില്‍ നിന്ന് പെരുമ്പാവൂരിലേക്കാണ് പാന്‍ ഉല്‍പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചതെന്ന് പ്രതി പൊലീസില്‍ മൊഴി നല്‍കി. കര്‍ണാടകയില്‍ നിന്ന് ചെറിയ തുകക്ക് വാങ്ങുന്ന പാന്‍ ഉല്‍പന്നങ്ങള്‍ പെരുമ്പാവൂരിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പതിന്മടങ്ങ് വിലയ്ക്ക് വില്‍ക്കാനായിരുന്നു ശ്രമം. നേരത്തേയും പാന്‍ ഉല്‍പന്നങ്ങള്‍ കടത്തിയതായാണ് സംശയിക്കുന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിയാസ്, ഗിരീഷ്‌കുമാര്‍, ഓസ്റ്റിന്‍ തമ്പി എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.