മഞ്ചേശ്വരം: തലപ്പാടി കെ.സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയിലെ താമസക്കാരനുമായ ഇസ്മാലിന്റെ മരണം തൂങ്ങി മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
തിങ്കളാഴ്ച വീട്ടില്‍ മരിച്ച നിലയിലാണ് ഇസ്മായിലിനെ കണ്ടെത്തിയത്. മയ്യത്ത് കാണാനെത്തിയ ബന്ധുക്കള്‍ക്ക് ഇസ്മായിലിന്റെ കഴുത്തില്‍ കയര്‍ മുറുകിയത് പോലുള്ള പാടുകള്‍ കണ്ടതോടെ സംശയം തോന്നിയതിനാല്‍ മൃതദേഹം പരിയാരത്ത് പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. മരണത്തില്‍ സംശയം ഉയര്‍ന്നതിനാല്‍ ഇസ്മായിലിന്റെ ഭാര്യയേയും മകളേയും തലപ്പാടി കെ.സി റോഡിലെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്യുകയും കിദമ്പാടിയിലെ വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തു. ഇസ്മായിലിന്റെ മൂക്കിലും കണ്ണിന്റെ ഭാഗത്തും ചെവിയില്‍ നിന്നും രക്തം ഒലിക്കുന്നുണ്ടായിരുന്നു. ഇതും പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചു. രണ്ട് ദിവസത്തിനകം മരണം സംബന്ധിച്ച യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിയുമെന്ന് കേസന്വേഷിക്കുന്ന മഞ്ചേശ്വരം എസ്.ഐ അനൂപ് കുമാര്‍ പറഞ്ഞു.