കേരളത്തിലെ പഴയ കമ്പോളങ്ങളിലൊന്നാണ് കാസര്‍കോട്. സപ്തഭാഷാ സംഗമ ഭൂമിയായ ഇവിടെ പല ഭാഷക്കാരും ദേശക്കാരും ജാതിമതക്കാരും സൗഹാര്‍ദ്ദപുരസ്സരം അവരവരുടെ തൊഴിലെടുത്ത് ജീവിക്കുന്നു. കര്‍ണ്ണാടകയോട് തൊട്ടു കിടക്കുന്ന ഇവിടെയാണ് കേരളത്തിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് അടക്കാകൃഷിയും ഇതിന്റെ വിപണന കേന്ദ്രവും. അടക്കക്ക് വില ഇടിഞ്ഞതോടെ കാസര്‍കോടിന്റെ കിഴക്കന്‍ പ്രദേശത്തെ അടക്ക കൃഷിക്കാര്‍ നഷ്ടക്കണക്കില്‍ പെട്ടിരിക്കുകയാണ്.
കാസര്‍കോട് നഗരത്തില്‍ അടച്ച് പൂട്ടുന്ന വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം അനുദിനം കൂടുന്നു. നോട്ട് നിരോധനവും ജി.എസ്.ടി.യും ഗതാഗതക്കുരുക്കും ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യവും എല്ലാം ചേരുമ്പോള്‍ കാസര്‍കോട്ടെ വ്യാപാര മേഖലയെ പിടിച്ചു കുലുക്കുകയാണ്. പോന്ന ആറുമാസത്തിനിടയില്‍ കാസര്‍കോട്ടെ വ്യാപാര സിരാകേന്ദ്രത്തില്‍ ആരംഭിച്ച ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ മൊബൈല്‍ ഷോറൂമും ബുക്ക് സ്റ്റാളും റെഡിമെയ്ഡ് ഷോപ്പും അടച്ചുപൂട്ടി. ഡസന്‍ കണക്കിന് കച്ചവട സ്ഥാപനങ്ങളാണ് നഷ്ടം താങ്ങാനാവാതെ അടച്ച് പൂട്ടിയത്. ഇതോടെ നൂറു കണക്കിന് ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്ക് കുറഞ്ഞതും കാസര്‍കോട് നഗരത്തിലെ മിക്ക റോഡുകളിലെയും ഗതാഗത കുരുക്കുമാണ് വ്യാപാരം തുലോം കുറയാനുള്ള മുഖ്യകാരണം. ചെറുതും വലുതുമായ ഒട്ടേറെ സ്ഥാപനങ്ങള്‍ കച്ചവടമില്ലാത്തത് കൊണ്ടുള്ള നഷ്ടത്തെ തുടര്‍ന്ന് ജീവന്‍ മരണ പോരാട്ടത്തിലാണ്. വ്യാപാര മേഖല നേരിടുന്ന ഗുരുതര പ്രശ്‌നം സര്‍ക്കാരും മുനിസിപ്പല്‍ അധികൃതരും ചേര്‍ന്ന് പരിഹരിക്കേണ്ടതുണ്ട്.
2016 ലെ ഒന്നാം മോദി ഗവണ്‍മെന്റിന്റെ പാളിപ്പോയ നോട്ട് നിരോധനം ഇവിടത്തെ വ്യാപാര കമ്മിയുടെ ആക്കം കൂട്ടി. റിസര്‍വ്വ് ബാങ്കിന്റെ അറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം പഴയ നിരോധിച്ച നോട്ട് 99.1 ശതമാനവും തിരിച്ചെത്തിയെന്നാണ് വിവരം. തിരിച്ചെത്താത്ത ബാക്കി ശതമാനത്തില്‍ കഴിഞ്ഞ ആഴ്ച ഗോവയില്‍ നിന്ന് പിടിക്കപ്പെട്ട നോട്ടും ഉള്‍പ്പെടും. ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതും വ്യാപാര തളര്‍ച്ചക്ക് കാരണമായി. കാസര്‍കോട് നഗരത്തിന് അനുബന്ധമായി കുറഞ്ഞ കിഴക്കന്‍ പ്രദേശങ്ങളെ ഉള്ളു. ഉള്ളവയില്‍ തന്നെ തൊട്ട് തൊട്ട് കമ്പോളങ്ങളും. ചെര്‍ക്കള, നെല്ലിക്കട്ട, ബദിയടുക്ക, പെര്‍ള, ബോവിക്കാനം, മുള്ളേരിയ, അഡൂര്‍ മുതലായവയെല്ലാം മികച്ച കമ്പോളങ്ങളാണ്. ഹൊസങ്കടി, ഉപ്പള, കുമ്പള, മേല്‍പ്പറമ്പ്, പാലക്കുന്ന്, ഉദുമ, മുതലായ ചെറുപട്ടണങ്ങളുടെ പെട്ടന്നുള്ള വളര്‍ച്ചയും കാസര്‍കോടിന്റെ വ്യാപാരത്തെ കാര്യമായി തളര്‍ത്തി.
1984ല്‍ കാസര്‍കോട് ജില്ല രൂപീകൃതമായി. തത്സമയം ഇവിടത്തെ കച്ചവടക്കാര്‍ സ്വപ്നത്തിലായിരുന്നു. നിലവിലുള്ള വ്യാപാരം വര്‍ധിക്കുമെന്നും ജില്ലാ തലത്തിലുളള പുതിയ ഏജന്‍സികളും ഡീലര്‍ഷിപ്പുകളും ലഭിക്കുമ്പോള്‍ ഹോള്‍സെയില്‍ സാധനങ്ങളെല്ലാം ഇവിടുന്ന് തന്നെ ലഭിക്കുമെന്നും അത് വ്യാപാരത്തിന് വലിയ നിലയില്‍ ആക്കം കൂട്ടുമെന്നും കരുതി. കാസര്‍കോട് ജില്ല രൂപീകരണത്തോടെ ജില്ലാ തല ഓഫീസുകളടക്കം നഗരത്തിലുണ്ടായിരുന്ന 75 ശതമാനം ഗവ. ഓഫീസുകളും വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനിലേക്ക് പറിച്ച് നടുകയായിരുന്നു. നഗര ഹൃദയത്തില്‍ തന്നെ ഉണ്ടായിരുന്ന വിവിധ തലത്തിലുള്ള നാലോളം കോടതികളും ജില്ലാ പൊലീസ് ഓഫീസും അടക്കം ഒട്ടുമിക്ക താലൂക്ക് തല ഓഫീസുവരെ ഇന്ന് വിദ്യാനഗറിലാണ്. ഇതോടെ കോര്‍ട്ട്‌റോഡും എം.എ ബസാറും സ്റ്റേഷന്‍ റോഡിലും വരുന്നവരുടെ എണ്ണം കുറഞ്ഞു. ഒപ്പം ഈ ഭാഗത്തെ കമ്പോളങ്ങള്‍ ശുഷ്‌കിച്ചു. ഇതിന്റെ മറുപുറം വിദ്യാനഗറും നായന്മാര്‍മൂലയും രാപ്പകല്‍ ഭേദമന്യേ എല്ലാതരം വ്യാപാരങ്ങളും സജീവമായി. ഹോട്ടലും ബേക്കറിയുമായിരുന്നു റോഡിന്റെ ഇരുവശത്തും. പുതിയ ബസ്റ്റാന്റ് വന്നതോടെ നല്ലൊരു ഭാഗം കച്ചവടവും അങ്ങോട്ടേക്ക് തിരിഞ്ഞു. 2017 മുതലെ ലോക വ്യാപാര മേഖലയൊന്നാകെ സാമ്പത്തിക മാന്ദ്യതയിലാണ്. വന്‍ശക്തികള്‍ തമ്മില്‍ ആണവകരാറിന്റെയും മറ്റും പേരില്‍ ഉപരോധങ്ങള്‍ തുടര്‍ന്നതും ചൈനീസ് വിപണി ഉണര്‍ന്നതും ലോക വ്യാപാര മാന്ദ്യത്തിന് ആക്കം കൂട്ടി. മുഖ്യമായും ഗള്‍ഫിനേയും ഇത് സ്വാധീനിച്ചു. കേരളത്തിന്റെ, പ്രത്യേകിച്ച് നമ്മുടെ കാസര്‍കോടിന്റെ സാമ്പത്തിക അടിത്തറ തന്നെ പ്രവാസി മണി പവറിലാണ്. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മലയാളികളാണ്. അതും ഗള്‍ഫ് നാടുകളില്‍. ഗള്‍ഫ് പ്രവാസികളില്‍ നിന്നുള്ള മണിവരവ് ഇല്ലായിരുന്നുവെങ്കില്‍ കേരളം വട്ടപൂജ്യമാവുമായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യങ്ങളില്‍ വിറങ്ങലിച്ചപ്പോള്‍ അതിന്റെ പ്രതിധ്വനി ഇങ്ങ് കേരളത്തിലും വിശിഷ്യ നമ്മുടെ കാസര്‍കോട്ടും പ്രതിധ്വനിച്ചു. ഇന്ന് കച്ചവടക്കാര്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് പ്ലാസ്റ്റിക് നിരോധനം. കാല്‍ നൂറ്റാണ്ടോളമായി വിറ്റ് പോവുന്ന സാധനങ്ങള്‍ പൊതിഞ്ഞ് കൊടുത്തിരുന്നത്, ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന പ്ലാസ്റ്റിക് കവറിലായിരുന്നു. ഏത് കച്ചവടക്കാരനും ഏത് തരം കച്ചവടത്തിനും പ്ലാസ്റ്റിക് ഉപകരണങ്ങള്‍ ഇന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്തതായി മാറിയിരിക്കുന്നു. പ്ലാസ്റ്റിക് നിരോധനയിലുള്ള സുപ്രിം കോടതി വിധിയെ കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും ഗൗരവത്തോടെയാണ് കാണുന്നത്. പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച കവര്‍ കടയില്‍ നിന്ന് പിടിക്കപ്പെട്ടാല്‍ പത്തായിരം രൂപ വരെയാണ് പിഴ. ഈ പ്രശ്‌നംഇവിടത്തെ സാധാരണക്കാരായ കച്ചവടക്കാര്‍ക്ക് കൂനിന്മേല്‍ കുരുവായി മാറിയിരിക്കുന്നു.
ഉപ്പളയില്‍ മഞ്ചേശ്വരം താലൂക്കാഫീസ് വന്നതോടെ ഉപ്പള, കുമ്പള, മൊഗ്രാല്‍ പ്രദേശത്ത് നിന്നുള്ള നിത്യസന്ദര്‍ശകര്‍ പോലും കാസര്‍കോട് നഗരത്തില്‍ അപൂര്‍വ്വമായി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ തൊട്ടതിനൊക്കെ കാസര്‍കോട് നഗരവുമായി ഇഴചേര്‍ന്നിരുന്നു. താലൂക്ക് ഓഫീസ്, സബ്‌രജിസ്ട്രാര്‍ ഓഫീസ്, ഡി.ഇ.ഒ ഓഫീസ്, കോടതികള്‍, സപ്ലൈ ഓഫീസ്, മുതലായ താലൂക്ക് തല ഓഫീസില്‍ വരുന്നവരായിരുന്നു ഏറെ പേരും. അങ്ങനെ വരുന്നവര്‍ ഇവിടെ നിന്ന് വീട്ടാവശ്യത്തിനുള്ള സാധന സാമഗ്രികള്‍ വാങ്ങിയിട്ടാണ് തിരിച്ചു പോവാറ്.
കേന്ദ്ര ഗവണ്‍മെന്റിന്റെ കടുത്ത നിയന്ത്രണം വന്നതോടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരവും അസ്തമിച്ച മട്ടാണ്. സ്വത്ത് കച്ചവടം നിലച്ചതോടെ പണത്തിന്റെ വരവും ആള്‍ക്കാരുടെ കയ്യിലെ കരുതലും തുലോം നിലച്ചു. സ്വത്ത് കച്ചവടം നടക്കുമ്പോള്‍ വിറ്റ ആളുടെ കയ്യില്‍ നിന്ന് പല ഭാഗത്തേക്കും ആ പണം ഒഴുകുകയാവും. ഇന്ന് ആരുടെ കയ്യിലും പൈസ എത്തുന്നില്ല. അതു കൊണ്ട് തന്നെ സാധാരണക്കാരന് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാനും പറ്റുന്നില്ല.
നമ്മുടെ നാടിന്റെ സാമ്പത്തിക അടിത്തറ തന്നെ തകര്‍ന്ന ഈ സമയം ജനങ്ങളെ അതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മറ്റ് കുത്സിത മാര്‍ഗങ്ങളാണ് ഭരണാധികാരികള്‍ സ്വീകരിച്ചിരിക്കുന്നത്. മിക്ക വ്യാപാരികളും സഹകരണ സംഘത്തില്‍ നിന്നോ ഷെഡ്യൂള്‍ ബാങ്കുകളില്‍ നിന്നോ അല്ലെങ്കില്‍ വ്യക്തികളില്‍ നിന്നോ വായ്പയായി വാങ്ങിയ പണമാണ് കച്ചവടത്തിന് മുടക്കാറ്. വ്യാപാരമില്ലാതെ ഈച്ചയെ ആട്ടി കടയിലിരിക്കുകയാണെങ്കില്‍ സാധാരണ വ്യാപാരികള്‍ കടക്കെണിയിലാവുമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. അത് കൊണ്ട് തന്നെ വ്യാപാരി അസോസിയേഷനും മറ്റും ഇവിടത്തെ വ്യാപാരം കൂട്ടാനുള്ള എന്തെങ്കിലും ഒറ്റമൂലിയുണ്ടോ എന്ന് ആലോചിക്കേണ്ടതുണ്ട്. എങ്കിലേ ഇവിടത്തെ വ്യാപാരികള്‍ രക്ഷപ്പെടു.