തളങ്കര: പള്ളിക്കാല്‍ മുപ്പതാം വാര്‍ഡിലെ ഇസ്ലാമിയ റോഡിന് സമീപത്തെ റെയില്‍വെ അണ്ടര്‍ പാസേജിലെ നീര്‍ച്ചാല്‍ ശുചീകരിച്ച് നാട്ടുകാര്‍ മാതൃകയായി. ചപ്പുചവറുകള്‍ കുന്നുകൂടി ഒഴുക്ക് തടസപ്പെട്ട നീര്‍ച്ചാല്‍ വൃത്തിയാക്കിയാണ് നാട്ടുകാര്‍ ശുചീകരണത്തിന്റെ നല്ല പാഠം പകര്‍ന്നത്. ‘ഇനി ഞാന്‍ ഒഴുകട്ടെ’ എന്ന പ്ലക്കാര്‍ഡുമേന്തിയാണ് വിദ്യാര്‍ത്ഥികളടക്കം ശുചീകരണത്തില്‍ പങ്കാളികളായത്.
കാസര്‍കോട് നഗരസഭയുടെയും ഹരിത കേരളം മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് ശുചീകരണം നടത്തിയത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, മുന്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ നൈമുന്നിസ, ഫര്‍സാന ശിഹാബുദ്ദീന്‍, വാര്‍ഡ് കൗണ്‍സിലര്‍ റംസീന റിയാസ്, മുക്രിം ഇബ്രാഹിം ഹാജി, ആര്‍.എസ്. രാജേഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നാട്ടുകാരും തളങ്കര ദഖീറത്ത് സ്‌കൂളിലെ റെഡ്‌ക്രോസ് വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം നിരവധി പേര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ അണി നിരന്നു.