കാസര്‍കോട്: അഞ്ചുവര്‍ഷക്കാലം രണ്ടാനച്ഛന്റെ ലൈംഗികചൂഷണത്തിന് വിധേയയായ കാസര്‍കോട്ടെ പെണ്‍കുട്ടി പിന്നീട് തിരഞ്ഞെടുത്തത് ലൈംഗികതൊഴില്‍. ലഹരിക്കടിമയായ സഹോദരന്‍ ഉപേക്ഷിച്ച യുവതിയുടെ ഇരട്ടക്കുട്ടികളെയും കൊണ്ട് ഈ പെണ്‍കുട്ടി നാടുവിടുകയായിരുന്നു. സഹോദരന്റെ ഭാര്യ തന്റെ മക്കളെ പെണ്‍കുട്ടിയുടെ കൈയില്‍ ഏല്‍പ്പിച്ച് മറ്റൊരാള്‍ക്കൊപ്പം പോകുകയാണുണ്ടായത്. ഈ കൂട്ടികളെയും കൊണ്ട് കേരളത്തിലെ പല ഭാഗങ്ങളിലും മാറിമാറി താമസിച്ച പെണ്‍കുട്ടി ഉപജീവനമാര്‍ഗം കണ്ടെത്താന്‍ ലൈംഗികതൊഴില്‍ സ്വീകരിക്കുകയായിരുന്നു. ഹോട്ടല്‍മുറികളില്‍ പലര്‍ക്കും ശരീരം കാഴ്ചവെച്ച പെണ്‍കുട്ടി ഇതുമൂലം ലഭിക്കുന്ന വരുമാനം കൊണ്ട് സഹോദരഭാര്യയുടെ മക്കളെ വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്തു. അധ്യാപികയാകാനുള്ള കോഴ്‌സിന് പഠിക്കുന്ന പെണ്‍കുട്ടിക്ക് ഇപ്പോള്‍ പ്രായപൂര്‍ത്തിയായിട്ടുണ്ട്. പതിനാലാംവയസുമുതലാണ് പെണ്‍കുട്ടി രണ്ടാനഛന്റെ പീഡനത്തിനിരയായി തുടങ്ങിയത്. അഞ്ചുവര്‍ഷം പീഡനം തുടര്‍ന്ന രണ്ടാനച്ഛന്‍ പിന്നീട് കള്ളനോട്ട് കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് ജയിലിലുമായി. ഇതോടെയാണ് സഹോദരഭാര്യയുടെ കുട്ടികളെയും കൊണ്ട് പെണ്‍കുട്ടി നാടുവിട്ടത്. തിരുവനന്തപുരത്ത് വെച്ച് ഈ പെണ്‍കുട്ടിയെ അവിടത്തെ ഒരു സാമൂഹ്യപ്രവര്‍ത്തക പരിചയപ്പെട്ടിരുന്നു. ചുവന്ന സാരിയും ബ്ലൗസും മൂക്കുത്തിയും ധരിച്ച് അതീവസുന്ദരിയായി റോഡരികിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടി സാമൂഹ്യപ്രവര്‍ത്തകയുടെ ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു. ഇവരോടാണ് പെണ്‍കുട്ടി തന്റെ ദുരനുഭവങ്ങള്‍ പങ്കുവെച്ചത്. പെണ്‍കുട്ടിയുടെ അവസ്ഥയെക്കുറിച്ച് സാമൂഹ്യപ്രവര്‍ത്തക നവമാധ്യമത്തില്‍ കുറിപ്പെഴുതുകയും ചെയ്തു. ലൈംഗികതൊഴില്‍ ഉപേക്ഷിച്ചുകൂടെയെന്ന സാമൂഹ്യപ്രവര്‍ത്തകയുടെ ചോദ്യത്തിന് ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷിച്ചെത്തുന്നവരെയെല്ലാം സ്വീകരിക്കാറില്ലെന്നും മനസിനിണങ്ങിയ ആളുകളുമായി മാത്രമേ ബന്ധം പുലര്‍ത്തുന്നുള്ളൂവെന്നും അധ്യാപികയാകുന്നതിനുള്ള കോഴ്‌സ് പഠിക്കുന്നതിന് പണം അത്യാവശ്യമായതിനാല്‍ തത്ക്കാലം ലൈംഗികതൊഴില്‍ വിട്ടുപോകാനാകില്ലെന്നും അധ്യാപികയായതിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും പെണ്‍കുട്ടി വ്യക്തമാക്കിയതായി സാമൂഹ്യപ്രവര്‍ത്തകയുടെ കുറിപ്പില്‍ പറയുന്നു. ഇങ്ങനെയൊരു അവസ്ഥയില്‍ പെണ്‍കുട്ടിയെ എത്തിച്ചതിന് സമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്നും അവളെ ആര്‍ക്കും കുറ്റപ്പെടുത്താന്‍ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടുന്ന സാമൂഹ്യപ്രവര്‍ത്തക പ്രതിസന്ധികളെ പെണ്‍കുട്ടി അതീജീവിച്ച രീതി പ്രചോദനാത്മകമാണെന്നും കൂട്ടിച്ചേര്‍ക്കുന്നു.