കണ്ണൂര്‍: യൂണിഫോം ധരിക്കാതെ സ്‌പെഷ്യല്‍ ക്ലാസിനെത്തിയ വിദ്യാര്‍ത്ഥിനിയെ അധ്യാപിക അപമാനിച്ച് പുറത്താക്കി. ചോദ്യം ചെയ്ത അമ്മയെയും ശകാരിച്ചു. പിന്നീട് മറ്റൊരു കുട്ടിയുടെ യൂണിഫോം ധരിച്ച് വീണ്ടുമെത്തിയ കുട്ടിയെ അധ്യാപിക ക്രൂരമായി പരിഹസിക്കുകയും ചെയ്തു. സംഭവം സംബന്ധിച്ച് ചൈല്‍ഡ് ലൈനും ബാലാവകാശകമ്മീഷനും പരാതി നല്‍കി. കതിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും ധര്‍മ്മടം സ്വദേശിനിയുമായ ദേവികയാണ് കഴിഞ്ഞ ദിവസം അധ്യാപികയുടെ മാനസികപീഡനത്തിനിരയായത്. ജേര്‍ണലിസം ക്ലാസില്‍ പഠിപ്പിക്കാനെത്തിയ അധ്യാപികയാണ് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയത്. യൂണിഫോം ധരിച്ചില്ലെന്നുപറഞ്ഞ് മോശമായ ഭാഷയില്‍ ശകാരിക്കുകയായിരുന്നു. ഇതേക്കുറിച്ച് ദേവികയുടെ അമ്മ സിന്ധു രാമാനന്ദന്‍ ടെലിഫോണില്‍ പ്രിന്‍സിപ്പലിനോട് സംസാരിച്ചപ്പോള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന് പുറത്തുപോകാനായിരുന്നു നിര്‍ദേശം. അമ്മ മകളെയും കൂട്ടി കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു കുട്ടിയുടെ വീട്ടിലെത്തി മുഷിഞ്ഞ യൂണിഫോം വാങ്ങുകയും പെണ്‍കുട്ടി അത് ധരിച്ച് ക്ലാസില്‍ തിരിച്ചെത്തുകയും ചെയ്തപ്പോള്‍ വ്യക്തിപരമായി മാനഹാനിയുണ്ടാക്കുന്ന വിധത്തില്‍ അധ്യാപിക പരിഹസിച്ചെന്നാണ് പരാതി.