കാസര്‍കോടിന്റെ കായിക മേഖലകളില്‍ നാല് പതിറ്റാണ്ട് കാലത്തോളം നിറഞ്ഞു നിന്നിരുന്ന സി.എ. അബ്ദുല്‍ അസീസ് ഇല്ലാത്ത ഒരു വര്‍ഷം കടന്നു പോകുന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട്, ട്രഷറര്‍ എന്നീ സ്ഥാനങ്ങളില്‍ ആത്മാര്‍ത്ഥ പ്രവര്‍ത്തനം നടത്തി കായികമേഖലയിലേക്ക് കടന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രോത്സാഹനവും സേവനവും നല്‍കുന്നതില്‍ അദ്ദേഹം കാണിച്ച താല്‍പ്പര്യം മറക്കാനാവില്ല. ഫുട്‌ബോള്‍ മേഖലയോട് അസീസിന് പ്രത്യേക മമതയായിരുന്നു. ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഈ രംഗത്തേക്ക് ഭാവി വാഗ്ദാനങ്ങളെ കൈപിടിച്ച് ഉയര്‍ത്തുന്നതിലും അസീസ് കാണിച്ച ആത്മാര്‍ത്ഥത ആര്‍ക്കും മറക്കാനാവില്ല. സംസ്ഥാന സൈക്കിള്‍ പോളോ അസോസിയേഷന്‍ സെക്രട്ടറി എന്ന നിലയില്‍ സംസ്ഥാന തലത്തിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ ഉണ്ടായിരുന്നു. ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ സെക്രട്ടറി, കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി, ക്രിയേറ്റേര്‍സ് കാസര്‍കോട് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന സി.എ. അബ്ദുല്‍ അസീസ് ഈ മേഖലകളില്‍ നടത്തിയ സേവനത്തിന്റെ ഗുണം കായിക താരങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എന്ന നിലയില്‍ നടത്തിയ സേവനങ്ങളും മറക്കാന്‍ കഴിയില്ല. മരണത്തിന് കീഴടങ്ങുമ്പോള്‍ അദ്ദേഹം ജില്ലാ ദേശീയ കായിക വേദി ജനറല്‍ സെക്രട്ടറിയായിരുന്നു. അബ്ദുല്‍ അസീസ് ജീവിച്ച് തീര്‍ത്തതൊക്കെയും സ്‌പോര്‍ട്‌സിന് വേണ്ടിയാണ്. ആരോഗ്യമുള്ള ഒരു തലമുറയാണ് രാജ്യത്തിന് ആവശ്യമെന്നും കായിക രംഗങ്ങളിലൂടെ മാത്രമേ ഇത്തരം തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയൂവെന്നും അദ്ദേഹം മനസിലാക്കിയിരുന്നു. വെറുതെ പദവികള്‍ അലങ്കരിക്കാനല്ല, ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു കാണിക്കുന്നതിലും അസീസിന് വലിയ മിടുക്ക് ഉണ്ടായിരുന്നു.
അസുഖം വേട്ടയാടിയ നേരത്തും അദ്ദേഹം സ്‌പോര്‍ട്‌സ് രംഗത്ത് നിന്ന് മാറി നിന്നില്ല. ശരീരം വഴങ്ങാത്തപ്പോഴും മനസ് മൈതാനങ്ങളില്‍ തന്നെയായിരുന്നു. ഞാന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടായിരുന്ന കാലയളവില്‍ അസീസ് കൈമാറിയ ആശയങ്ങളും ഉപദേശങ്ങളും വലിയ ഗുണം ചെയ്തിട്ടുണ്ട്.
സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ നിത്യസന്ദര്‍ശകനായിരുന്നു അദ്ദേഹം. ഹോസ്റ്റലിലെ കുട്ടികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരു സുഹൃത്ത് എന്നതിലുപരി എനിക്കദ്ദേഹം കൂടപ്പിറപ്പിനെ പോലെയായിരുന്നു.