കാസര്‍കോട്: കിഫ്ബി നടപ്പിലാക്കുന്ന കാസര്‍കോട് ജില്ലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ബോധവല്‍ക്കരണ പരിപാടിയായ ‘കേരള നിര്‍മ്മിതി’ യുടെ ജില്ലാ തല ഉദ്ഘാടനം 28ന് വൈകിട്ട് നുള്ളിപ്പാടിയിലെ സ്പീഡ്‌വേ മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കൂറ്റന്‍ എ.സി. ടെന്റുകള്‍ അടക്കമുള്ള വേദിയാണ് ഒരുങ്ങുന്നത്. സംസ്ഥാനത്ത് 50,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വികസന പ്രദര്‍ശനവും ബോധവല്‍ക്കരണ പരിപാടിയും കാസര്‍കോടിന് പുതിയ അനുഭവമാകും. പുതിയ കേരളം എങ്ങനെയായിരിക്കണമെന്ന് സംബന്ധിച്ച് സെമിനാറുകള്‍ ഉണ്ടാവും. മന്ത്രി തോമസ് ഐസക് അധ്യക്ഷത വഹിക്കും. മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രദര്‍ശന ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു സ്വാഗതം പറയും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി., എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, എം.സി. ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, നഗരസഭാ അധ്യക്ഷന്മാരായ ബീഫാത്തിമ ഇബ്രാഹിം, വി.വി. രമേശന്‍, കെ.പി. ജയരാജന്‍ തുടങ്ങിയവര്‍ വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കും. രാത്രി ഏഴ് മണിമുതല്‍ ഗ്രാന്റ് മാസ്റ്റര്‍ ഡോ. ജി.എസ്. പ്രദീപ് അവതരിപ്പിക്കുന്ന പ്രശ്‌നോത്തരി ഉണ്ടാവും. 29ന് വിവിധ പദ്ധതികളുടെ പ്രദര്‍ശനവും സാങ്കേതിക വിഷയങ്ങളിലെ പ്രഭാഷണവും ചര്‍ച്ചയും നടക്കും. രാത്രി ഏഴ് മണിക്ക് കലാസന്ധ്യയില്‍ ജാസി ഗിഫ്റ്റ് അടക്കമുള്ള കലാകാരന്മാര്‍ അണിനിരക്കും. 30 ന് പദ്ധതികളുടെ പ്രദര്‍ശനം, നിയമസഭാ മണ്ഡലം തിരിച്ചുള്ള കിഫ്ബി പദ്ധതികളുടെ അവലോകനം, കാസര്‍കോടിന്റെ വികസന കാഴ്ചപ്പാടുകള്‍ എന്നിവയും വൈകിട്ട് ആറ് മണി മുതല്‍ കലാ സന്ധ്യയും ഉണ്ടാവും.