കാസര്‍കോട്: കുമ്പള സഹകരണ ആസ്പത്രിയുടെ ബഹുനില കെട്ടിടം 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുമെന്ന് സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. നാല് നിലകളിലായി 32,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ മൂന്ന് ജനറല്‍ വാര്‍ഡുകളടക്കം 60 രോഗികളെ കിടത്തിചികില്‍സിക്കാനുള്ള സൗകര്യമുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം വാര്‍ഡ്, ഐ.സി.യു, എന്‍.ഐ.സി.യു, ഓപ്പറേഷന്‍-ലേബര്‍ തിയറ്ററുകള്‍, ഫാര്‍മസി, ലബോറട്ടറി, സ്‌കാനിങ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി, വനിത സഹകരണ സംഘം കാന്റീന്‍, നഴ്‌സുമാര്‍ക്ക് താമസിക്കാനുള്ള സൗകര്യം, നാല് നിലകളിലും റാമ്പും ലിഫ്റ്റും എന്നിവയുണ്ട്. കുമ്പള ടൗണിനോട് ചേര്‍ന്ന 58.5 സെന്റ് സ്ഥലത്താണ് പത്ത് കോടി രൂപ ചെലവില്‍ കെട്ടിടം നിര്‍മ്മിച്ചത്. എന്‍.സി.ഡി.സിയില്‍ നിന്ന് ലഭിച്ച 1.80 കോടി രൂപ വായ്പയും സഹകാരികളില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ഓഹരിയായും നിക്ഷേപമായും ലഭിച്ച തുകയും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കാസര്‍കോട് ജില്ലാ സഹകരണ ആസ്പത്രി സംഘത്തിന് കീഴിലാണ് ആസ്പത്രി. അഡ്വ. ടി.വി ഗംഗാധരന്‍ പ്രസിഡന്റും ഭാസ്‌കര കുമ്പള സെക്രട്ടറിയുമായുമായുള്ള ഭരണസമിതിയാണ് ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 1990ല്‍ കുമ്പളയിലെ വാടകകെട്ടിടത്തില്‍ 20 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യത്തോടെ ആരംഭിച്ച സഹകരണാസ്പത്രി അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരാണ് ഉദ്ഘാടനം ചെയ്തത്.
രണ്ട് ഡോക്ടര്‍മാരും ഏഴ് സ്റ്റാഫുമായി ആരംഭിച്ച ആസ്പത്രിയില്‍ ഇന്ന് 98 ജീവനക്കാരും 11 സ്ഥിരം ഡോക്ടര്‍മാരും പത്ത് വിസിറ്റിങ്ങ് ഡോക്ടര്‍മാരും സേവനം അനുഷ്ഠിക്കുന്നു. സൊസൈറ്റിയുടെ കീഴില്‍ ചെങ്കളയില്‍ ഇ.കെ നായനാരുടെ പേരില്‍ നൂറ് കിടക്കകളോടെയുള്ള ആസ്പത്രിയും കുണ്ടംകുഴിയില്‍ ക്ലിനിക്കും പ്രവര്‍ത്തിക്കുന്നു. പത്രസമ്മേളനത്തില്‍ സംഘം പ്രസിഡണ്ട് എ. ചന്ദ്രശേഖരന്‍, സെക്രട്ടറി ജി. രത്‌നാകര, വൈസ് പ്രസിഡണ്ട് പി. രഘുദേവന്‍, പി. ദാമോദരന്‍, സി.എ സുബൈര്‍, ഡി.എന്‍ രാധാകൃഷ്ണ എന്നിവര്‍ പങ്കെടുത്തു.