മഞ്ചേശ്വരം: പാവൂര്‍ കിദമ്പാടിയിലെ മരം വ്യാപാരി ഇസ്മായിലിനെ കൊലപ്പെടുത്താന്‍ ഭാര്യ ആയിഷ(39) പതിനായിരം രൂപക്കാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കാമുകന്‍ മുഹമ്മദ് ഹനീഫ(42)യാണ് കൊലയുടെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ഇസ്മായിലിന്റെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു ഹനീഫ. ഇതേച്ചൊല്ലി ഇസ്മായില്‍ പല പ്രാവശ്യം തര്‍ക്കിക്കുകയും വീട്ടില്‍ വരുന്നത് വിലക്കുകയും ചെയ്തിരുന്നു. ഒരു പ്രാവശ്യം ഹനീഫയെ മര്‍ദ്ദിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ഇസ്മായിലിനെ കൊലപ്പെടുത്താന്‍ ഭാര്യ പദ്ധതിയിട്ടതത്രെ. എങ്ങനെയെങ്കിലും ഇസ്മായിലിനെ കൊലപ്പെടുത്തണമെന്നും ഇല്ലെങ്കില്‍ നമ്മുടെ ബന്ധത്തിന് തടസമാകുമെന്നും ഹനീഫയോട് ആയിഷ പറഞ്ഞിരുന്നുവത്രെ. ഹനീഫയുടെ കൂട്ടുകാരനായ മഞ്ഞനാടി സ്വദേശിയോട് സംഭവം പറയുകയും മറ്റൊരു സുഹൃത്തിനെ കൂടി ഒപ്പം കൂട്ടി കൊലയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതായാണ് വിവരം. സംഭവ ദിവസം രാത്രി മൂവരും ഒരു കുറ്റിക്കാട്ടില്‍ ഇരുന്ന് മദ്യപിക്കുകയും പിന്നീട് പുലര്‍ച്ചെ 12 മണിയോടെ ഹനീഫ ആയിഷയെ ഫോണില്‍ വിളിച്ച് വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. മഞ്ഞനാടി സ്വദേശിയും ഹനീഫയും വീടിനകത്ത് കയറി. സുഹൃത്തിനെ വീട്ടുപരിസരം നിരീക്ഷിക്കാന്‍ ഏല്‍പ്പിച്ചു. മഞ്ഞനാടി സ്വദേശിയും ഹനീഫയും ചേര്‍ന്ന് ഇസ്മായിലിനെ കഴുത്തില്‍ കയറ് മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. രാവിലെ നാട്ടുകാരെ വിളിച്ചു വരുത്തി ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചുവെന്ന് പറയണമെന്ന് ആയിഷയോട് നിര്‍ദ്ദേശിച്ചാണത്രെ സംഘം മടങ്ങിയത്. ഹനീഫ ഇന്നലെ ഗള്‍ഫില്‍ പോകുന്നതിനായി വിസ കൈവശപ്പെടുത്തിയിരുന്നു. സംഭവം മണത്തറിഞ്ഞ മഞ്ചേശ്വരം എസ്.ഐ. അനൂപ് കുമാര്‍ ചില വിമാനത്താവളങ്ങളില്‍ ഇത് സംബന്ധിച്ച് വിവരം നല്‍കി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് ഹനീഫ കാസര്‍കോട്ടുള്ളതായി മനസിലാവുന്നത്. ഇവിടെവെച്ച് പിടികൂടുകയായിരുന്നു. ഗള്‍ഫിലേക്ക് കടക്കാന്‍ വേണ്ടിയാണ് കാസര്‍കോട്ടെത്തിയതെന്ന് ഹനീഫ പൊലീസിനോട് പറഞ്ഞു. മറ്റു രണ്ട് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ ആയിഷയെയും ഹനീഫയെയും റിമാണ്ട് ചെയ്തു.
കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.