കാസര്‍കോട്: പട്ടയത്തിന് അപേക്ഷിക്കുന്നവരെ വട്ടം കറക്കുന്ന ഉദ്യോഗസ്ഥരെ വെച്ചുപൊറുപ്പിക്കില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഇന്നുരാവിലെ ആരംഭിച്ച പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹമായ മുഴുവന്‍ ആളുകള്‍ക്കും ഭൂമി നല്‍കുന്ന പദ്ധതിയുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇത്തവണ 2311 പേര്‍ക്കാണ് ജില്ലയില്‍ പട്ടയം നല്‍കുന്നത്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജില്ലയില്‍ 8437 പേര്‍ക്ക് പട്ടയം നല്‍കിയതായി അദ്ദേഹം പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡി. സജിത് ബാബു സ്വാഗതം പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായിരുന്നു. എം.എല്‍.എമാരായ എം.സി. ഖമറുദ്ദീന്‍, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി ചായിന്റടി, വാര്‍ഡ് കൗണ്‍സിലര്‍ സുജിത് കുമാര്‍, സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍, എ.ഡി.എം. എന്‍. ദേവിദാസ്, ആര്‍.ഡി.ഒ. കെ. രവികുമാര്‍ തുടങ്ങിയവരും വിവിധ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.