കാസര്‍കോട്: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമാകെ അലയടിക്കുന്ന ശക്തമായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ വില പോവില്ലെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു. ഗവ. ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥയെ കടലില്‍ വലിച്ചെറിഞ്ഞത് പോലെ തന്നെ ഈ കരി നിയമത്തെയും രാജ്യത്തെ ജനങ്ങള്‍ വലിച്ചെറിയുമെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന്റെ ഗൗരവവും സ്വഭാവവും ബി.ജെ.പി.യെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഗാന്ധിയന്‍ രീതിയില്‍ തികച്ചും സമാധാനപരമാണ് സമരമെങ്കിലും അവര്‍ക്കുള്ള ഭയം ചെറുതല്ല. ഈ കരിനിയമത്തിനെതിരെ ജനങ്ങള്‍ സ്വയം രംഗത്തിറങ്ങിയിരിക്കയാണ്- സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ഇന്നലെയാണ് സി.പി.എം. ജനറല്‍ സെക്രട്ടറി കാസര്‍കോട്ടെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെതന്നെ കാസര്‍കോട്ടെത്തിയിരുന്നു. പുലിക്കുന്നിലെ ഗവ. ഗസ്റ്റ്ഹൗസില്‍ സീതാറാം യെച്ചൂരിയും പിണറായി വിജയനും കൂടിക്കാഴ്ച നടത്തി.