കുമ്പള: ബംബ്രാണയില്‍ കാറിലെത്തിയ സംഘം ദര്‍സ് വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. തൊപ്പി വലിച്ചെറിഞ്ഞതായും പരാതി. ബംബ്രാണയിലെ ദര്‍സ് വിദ്യാര്‍ത്ഥികളായ ആദൂരിലെ ഹസന്‍ സയ്യിദ് (15), ബംബ്രാണയിലെ മുബാസ് (17) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരേയും കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിസംഘത്തിന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ബംബ്രാണ ഭരണിക്കട്ടയിലാണ് സംഭവം. ഒരു വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് വരികയായിരുന്ന വിദ്യാര്‍ത്ഥികളെ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തുകയും എങ്ങോട്ട് പോകുന്നു എന്ന ചോദ്യത്തിന് ദര്‍സിലേക്ക് എന്ന് പറഞ്ഞപ്പോള്‍ മര്‍ദ്ദിക്കുകയും തൊപ്പി വലിച്ചെറിയുകയും ചെയ്തുവെന്നാണ് പരാതി. വിദ്യാര്‍ത്ഥികള്‍ നിലവിളിച്ചപ്പോള്‍ സംഘം കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവത്രെ. ബംബ്രാണയിലും പരിസരത്തും ഇതേ സംഘം മനപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
രാത്രി കാലങ്ങളില്‍ കാല്‍നടയാത്രക്കാരെ പേര് ചോദിച്ച് ഭീഷണിപ്പെടുത്തുകയും പണം പിടിച്ചുപറിക്കുന്നതായും പരാതിയുണ്ട്. നിരവധി കേസുകളിലെ പ്രതികളാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.