കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് തുടരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി യു.ഡി.എഫ് ഇന്ത്യയുടെ മനുഷ്യഭൂപടം തീര്‍ക്കുന്നു. ഇതോടൊപ്പം ഇന്ത്യന്‍ പ്രസിഡണ്ടിന് പ്രതിഷേധമെഴുതിയ കത്തും അയക്കുമന്ന് യു.ഡി.എഫ് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. യു.ഡി.എഫ് സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പരിപാടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കാസര്‍കോട്ടും നടത്തുന്നത്.
മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനമായ 30ന് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രത്യേക സജ്ജമാക്കിയ സ്ഥലത്താണ് മനുഷ്യഭൂപടം തീര്‍ക്കുന്നത്. സംസ്ഥാനത്ത് ഒരു കോടി കത്തുകളാണ് ഇന്ത്യന്‍ പ്രസിഡന്റിന് അയക്കുന്നത്. ജില്ലയില്‍ 5000 ലധികം പ്രവര്‍ത്തകര്‍ അണിനിരക്കും. വെകിട്ട് നാലിന് കര്‍ണാടക മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യു.ടി ഖാദര്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ യു.ഡി. എഫ് എം.പി, എം.എല്‍.എമാര്‍, മറ്റു ഘടകകക്ഷി നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും. ഭൂപടം തീര്‍ക്കുന്നതോടൊപ്പം പൊതുസമ്മേളനവും നടക്കും. രാജ്യത്ത് പ്രതിഷേധം കനക്കുമ്പോഴും കേന്ദ്രം ഭരിക്കുന്ന ബി.ജെ. പി സര്‍ക്കാരിന് ധാര്‍ഷ്ട്യമാണുള്ളതെന്നും പ്രതിഷേധ സമരങ്ങള്‍ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എംസി ഖമറുദ്ദീന്‍ എം.എല്‍.എ, കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, ഘടകക്ഷി നേതാക്കളായ അബ്രഹാം തോണക്കര, കുര്യാക്കോസ് പ്ലാപറമ്പില്‍, കരിവെള്ളൂര്‍ വിജയന്‍ സംബന്ധിച്ചു.