അഭിനന്ദിച്ചേ പറ്റു. കാസര്‍കോട് തൊട്ട് കളയിക്കാവിള വരെ. റിപ്പബ്ലിക് ദിനത്തില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയെ അംഗീകരിച്ചേ പറ്റു. പിണറായി വിജയനും സഖാക്കളും പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്വീകരിക്കുന്ന നിലപാടുകളും സമരമുഖങ്ങളും. കേരളത്തിലെങ്കിലും മുസ്ലിം സമൂഹത്തിന്റെയും ദളിത് വിഭാഗത്തിന്റെയും ആശങ്കകളും ആകുലതകളും അകറ്റാന്‍ മുസ്ലിം മനസ്സുകളില്‍ ആളി പടരുന്ന ഭീതി അകറ്റാന്‍ കേരള സര്‍ക്കാരും മാര്‍ക്ക്‌സിസ്റ്റ് പാര്‍ട്ടിയും ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ടെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. മഹാശൃംഖലയില്‍ അണിചേര്‍ന്ന് അവര്‍ അതിനോടുള്ള കടപ്പാട് നിറവേറ്റുകയും ചെയ്തു. ഒരു പേക്കിനാവില്‍ പോലും ഇടത് മുന്നണിയെ പിന്തുണച്ചിട്ടില്ലാത്ത കോണ്‍ഗ്രസ് അനുഭാവ മനസ്സുള്ള ഞാനും ശൃംഖലയില്‍ അണിചേര്‍ന്നു. ചമ്മലുണ്ടായിരുന്നു. ചങ്ങല പിരിഞ്ഞപ്പോഴാണ് യു.ഡി.എഫിന്റെ സജീവ പ്രവര്‍ത്തകര്‍ പോലും ചങ്ങലക്കണ്ണികളായെന്ന് അറിഞ്ഞത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പിണറായി വിജയന്‍ ആദ്യം വിളിച്ച സംയുക്ത യോഗത്തില്‍ രമേശ് ചെന്നിത്തല പങ്കെടുത്ത് പ്രതിഷേധത്തിന് കരുത്ത് പകര്‍ന്നത് മുല്ലപ്പള്ളിക്ക് പൊള്ളി പോയത്രെ. ക്രെഡിറ്റ് മാര്‍കിസ്റ്റ് പാര്‍ട്ടി കൊണ്ടു പോയിക്കളയും എന്നായി ഈഗോ മാത്രം കൈമുതലുള്ള ജനമനസ്സ് വായിക്കാനറിയാത്ത മുല്ലപ്പള്ളിക്ക് പേടിയായത്രെ. ഒറ്റക്ക് സമരം നടത്താമെന്ന് യു.ഡി.എഫിനെ കൊണ്ട് സമ്മതിപ്പിച്ച രാഷ്ട്രീയ വിഡ്ഢിത്തം അല്‍പസ്വല്‍പം ആരോഗ്യം വീണ്ടെടുത്തു വരികയായിരുന്ന കോണ്‍ഗ്രസിനെ തീര്‍ത്തും അവതാളത്തിലാക്കി.
എത്ര പുകഴ്ത്തിയാലും മതിയാവില്ല മഹാശൃംഖലയുടെ സംഘാടനത്തെ. യു.ഡി.എഫിന്റെ ലോംഗ് മാര്‍ച്ചുകള്‍ക്കും സംഗമങ്ങള്‍ക്കും ഭീതിയിലാണ്ട ഒരു സമൂഹത്തിന്റെ വിശ്വാസം നേടാന്‍ സാധിച്ചില്ല. സംയുക്ത പ്രക്ഷോഭത്തിന് വീണ്ടും വീണ്ടും വിളിച്ചപ്പോള്‍ ചെവി കൊള്ളേണ്ടതായിരുന്നു എന്ന് ചില നേതാക്കള്‍ക്കെങ്കിലും ബോധോദയമുണ്ടായിരിക്കുന്നു. എ.കെ ആന്റണിയും മുരളീധരനും ഉണ്ണിത്താനും ഉമ്മന്‍ചാണ്ടിയും സംയുക്ത പ്രക്ഷോഭമായിരുന്നു ആവശ്യമെന്ന് തിരിച്ചറിഞ്ഞെങ്കിലും മുല്ലപ്പള്ളിക്കും കുഞ്ഞാലിക്കുട്ടിക്കും കുലുക്കമുണ്ടായിരുന്നില്ല. ഉറക്കം നടിച്ചു കിടക്കുന്നവരെ ഉണര്‍ത്താനാവില്ലല്ലോ.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 19 സീറ്റും നേടി യു.ഡി.എഫ് അര്‍മാദിച്ചത് ന്യൂനപക്ഷ വിഭാഗത്തിലെ എല്ലാ ആശയ പ്രസ്ഥാനങ്ങളുടെയും പിന്തുണ സമ്മതിയും നേടിയാണ് ന്യൂനപക്ഷത്തിന്റെ പിന്തുണ നഷ്ടപ്പെട്ടതെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സമ്മതിക്കുന്നു. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന ഒരിക്കലും നടക്കാത്ത നല്ല സ്വപ്നത്തില്‍ വിശ്വസിച്ചാണ് കോണ്‍ഗ്രസിന്റെ ചിഹ്നത്തില്‍ കേരളം ആഞ്ഞുകുത്തിയത്. പക്ഷെ അവരുടെ വിശ്വാസം അവരെ രക്ഷിച്ചില്ല. പൗരത്വ ഭേദഗതി ബില്ലിനെതിരെ പിണറായി മുഴക്കുന്ന ശബ്ദത്തിന്റെ ശൗര്യവും മുഴക്കവും കേരളത്തില്‍ എതിര്‍ കക്ഷികള്‍ക്കില്ല. കേന്ദ്രത്തിലോ സീതാറാം യച്ചൂരിയുടെ തന്റേടം രാഹുലും സോണിയയും കാണിക്കുന്നില്ല.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ ചേര്‍ന്ന് സംയുക്തമായി പ്രമേയം പാസാക്കാന്‍ ആദ്യമായി തുനിഞ്ഞത് കേരള നിയമസഭയാണ്. സുപ്രിം കോടതിയില്‍ ആദ്യമായി നിയമനടപടി തേടിയ സംസ്ഥാനം കേരളമാണ്. ഗവര്‍ണറുടെ വെറുപ്പേറ്റും നിലപാടില്‍ നിന്ന് പിന്നോട്ടില്ലാതെ പിണറായി ഉറച്ചു നില്‍ക്കുന്നു. വലിച്ചു നിലത്തിടാന്‍ അധികാരമുള്ള അതിന് കാരണം കിട്ടാന്‍ കാത്തു നില്‍ക്കുന്ന ഗവര്‍ണറോടും പിണറായിക്ക് പോരടിക്കേണ്ടി വരുന്നു. യു.ഡി.എഫായിരുന്നു അധികാരത്തിലെങ്കില്‍ ഈ തന്റേടവും ധൈര്യവും കാണിക്കുമായിരുന്നില്ല എന്ന് വിശ്വസിക്കുന്നവരാണേറെ- ആശങ്കയും ഭീതിയിലും മുസ്ലിം സമൂഹം ഉഴലുമ്പോള്‍ കേരളത്തില്‍ ഇത് നടപ്പാകില്ല എന്ന് ആവര്‍ത്തിച്ചു ഉറപ്പു നല്‍കുന്ന പിണറായി വിജയന്‍ ചങ്ങലയില്‍ കണ്ണി ചേരാന്‍ ആവശ്യപ്പെടുമ്പോള്‍ രാഷ്ട്രീയ നിറം മറന്ന് വിദ്വേഷം മറന്ന് അനുസരിച്ച് പോയിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികമാണ്. പിണറായി മേജിക്കല്ല. വിതുമ്പുന്ന ഹൃദയങ്ങളുടെ വികാരത്തള്ളിച്ചയാണത്. സുന്നി ആശയ പ്രസ്ഥാനം രണ്ടായി പിളര്‍ന്ന്,കൊത്തു കോഴികളെ പോലെ അന്വേന്യം കാതുന്നതും പോര്‍വിളി നടത്തുന്നതും നാല്‍പതാണ്ടോളമായി നാം കാണുന്നു. സുന്നി ഐക്യത്തിന് വളരെയേറെ ശ്രമങ്ങള്‍ നടന്നിട്ടും ഇരു വിഭാഗവും വിട്ടു വീഴ്ചക്ക് തയ്യാറായിട്ടില്ല. പടച്ചവര്‍ പൊറുക്കട്ടെ. പക്ഷെ ഇരു വിഭാഗത്തേയും ഒരു ചങ്ങലയില്‍ കണ്ണിയായി കോര്‍ക്കാന്‍ അണിനിരത്താന്‍ മഹാശൃംഖലക്ക് കഴിഞ്ഞു. മഹാത്ഭുതമാണത്. ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ മുജാഹിദ് സംസ്ഥാന അധ്യക്ഷന്‍ പി.ടി അബ്ദുല്ലക്കോയ മദനിയും അണിചേര്‍ന്നു. ആവേശകരമാണത്. പരസ്പരം പകയുള്ളവര്‍ പോലും വൈരവും വൈരാഗ്യവും പുലര്‍ത്തുന്നവര്‍ പോലും ഒരാശയത്തിന്റെ പേരില്‍ കൈകോര്‍ക്കാന്‍ സന്നദ്ധമാവുമ്പോള്‍ പോലും സ്വന്തം പാര്‍ട്ടി, സ്വന്തം സമരം എന്ന് പറഞ്ഞ് നടക്കുന്ന യു.ഡി.എഫിനും പ്രശംസ കിട്ടും. പൗരത്വ നിയമം നടപ്പാക്കുമെന്ന് ശഠക്കുന്ന ഫാസിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന്. ശരിയായ നിലപാടില്ലാതെ നായകനില്ലാതെ നാഥനില്ലാതെ ഉഴലുകയാണ് ഇന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജി വെച്ചു. അഞ്ചു മാസക്കാലം ആ കസേര കാലിയായി കിടന്നു. വീണ്ടും സോണിയ തന്നെ കസേരയിലിരുന്നു. അങ്ങനെ രാഹുലും സോണിയയും മാറി മാറി കളിക്കുന്ന കസേരക്കളിയായി കേന്ദ്ര നേതൃത്വം. ഉപദേശങ്ങളോ നിര്‍ദ്ദേശങ്ങളോ അവിടെ നിന്ന് കീഴ് ഘടകങ്ങള്‍ക്ക് കിട്ടുന്നില്ല. ഓരോ പതനത്തിന് ശേഷവും കോണ്‍ഗ്രസ് നേതാക്കള്‍ പതിവായി മൊഴിയുന്ന വിശേഷണമുണ്ട്. ഫീനിക്‌സ് പക്ഷിയെപ്പോലെ വീണ്ടും പറന്നുയരുമെന്ന്. മൃദുഹിന്ദുത്വം പയറ്റി ഉത്തരേന്ത്യയില്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയ കോണ്‍ കലര്‍പ്പില്ലാത്ത ഭരണഘടനാനുസൃതമായ മതേതരത്വം വീണ്ടും കയ്യിലെടുത്താല്‍ മാത്രമേ കയ്യടയാളത്തിന് രക്ഷയുള്ളു എങ്കില്‍ മാത്രമെ ഫിനിക്‌സ് പക്ഷി വീണ്ടും പറക്കുകയുള്ളു.
മതേതരത്വം മുറുകെപ്പിടിക്കാന്‍ ഇവിടെയും കോണ്‍ഗ്രസ് ഭയപ്പെടുന്നു. ശബരിമല ആചാരസംരക്ഷണ സമരത്തില്‍ കോണ്‍ഗ്രസ് കാട്ടിയ ആവേശം പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ കോണ്‍ഗ്രസ് കാണിക്കുന്നില്ല. പ്രലോഭനങ്ങളോ പ്രീണനങ്ങളോ തേടാതെ തന്നെ കോണ്‍ഗ്രസിന്റെ പതിനേഴ് പാര്‍ലമെന്റേറിയന്മാരെ മുസ്ലിം സമുദായം കാണിച്ച ആത്മാര്‍ത്ഥതക്കും ആദരവിനും പ്രതിഫലം ആവശ്യപ്പെടുകയല്ല. എങ്കിലും ഇരകളാക്കപ്പെടുന്നവര്‍ക്കൊപ്പം തുടിക്കുന്ന മനസ്സിന് സാന്ത്വനമേകാന്‍ ഈ സന്നിദ്ധസാഹചര്യത്തിലും കോണ്‍ഗ്രസിന് കഴിയുന്നില്ല. ഇതിനെയാണ് പിണറായി വിജയന്‍ ചൂഷണം ചെയ്യുന്നത്. രാഷ്ട്രീയ തന്ത്രം തന്നെയാവാം. അത് വിധേയരായ ഒരു സമൂഹത്തിന് ആശ്വാസം നല്‍കുമെങ്കില്‍.
കേരളത്തില്‍ സി.എ.എ.യും എന്‍.ആര്‍.പി.യും നടപ്പാകില്ലെന്നുറപ്പുണ്ടെങ്കില്‍ പിണറായിയെ മുസ്ലിംകള്‍ പിന്തുണക്കും. നേതാക്കള്‍ കാട്ടുന്ന ഏത് വഴിയിലൂടെയും നടക്കാന്‍ അണികള്‍ ഇക്കാലത്ത് തയ്യാറല്ല. അതിന്റെ തെളിവാണ് മഹാശൃംഖലയില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പ്രവര്‍ത്തക സാന്നിധ്യമുണ്ടായത്.
ബ്രാഹ്മണനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പരശുരാമനെ പരിചരിക്കാന്‍ ഒന്നിച്ചു കൂടിയ ക്ഷത്രീയനായ കര്‍ണ്ണനെ കള്ളി കണ്ടു പിടിച്ചപ്പോള്‍ പരശുരാമന്‍ ശപിച്ചത്രെ. വേണ്ടത് വേണ്ട നേരത്ത് തോന്നാതിരിക്കട്ടെ എന്ന്. കുരുക്ഷേത്രത്തില്‍ യുദ്ധം മുറുകവെ ഏത് ആയുധമെടുക്കണമെന്ന് കര്‍ണന്‍ കണ്‍ഫ്യൂസ് ആയത്രെ. അത്തരമൊരു ശാപം പേറുകയാണോ കോണ്‍ഗ്രസ് എന്ന് സംശയിക്കുന്നു. ശാപമുക്തി നേടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.