ബദിയടുക്ക: മൃതദേഹം സംസ്‌കരിക്കുന്നതിനിടെ പട്ടികജാതികുടുംബത്തിന് നേരെ കല്ലെറിഞ്ഞെന്ന പരാതിയില്‍ അയല്‍വാസികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുണ്ട്യത്തടുക്ക പട്ടികജാതി കോളനിയിലെ തനിയപ്പയുടെ പരാതിയില്‍ അയല്‍വാസികളായ ഷക്കീന, ഉമ്മര്‍ എന്നിവര്‍ക്കെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. തനിയപ്പയുടെ സഹോദരന്‍ മോഹന എന്ന ബൈര 27ന് രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. മോഹനയുടെ മൃതദേഹം പുറമ്പോക്ക് ഭൂമിയില്‍ സംസ്‌കരിക്കുന്നതിനിടെ പുക ഉയര്‍ന്ന് അടുത്ത വീട്ടിലേക്ക് വ്യാപിച്ചതിനെ ചോദ്യം ചെയ്ത് എത്തിയ ഷക്കീനയും ഉമ്മറും പട്ടികജാതി കുടുംബത്തിന് നേരെ കല്ലെറിയുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്‌തെന്നാണ് പരാതി. ഈ കേസ് ബദിയടുക്ക പൊലീസ് പിന്നീട് കാസര്‍കോട് സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡിന് കൈമാറി. മുണ്ട്യത്തടുക്ക പട്ടികജാതി കോളനിയിലെ കുടുംബങ്ങള്‍ക്ക് പ്രത്യേകമായ ശ്മശാനത്തിന് സ്ഥലം അനുവദിക്കാന്‍ പുത്തിഗെ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.