കാസര്‍കോട്: ജില്ലാപഞ്ചായത്തിന്റെ ഭരണപരാജയത്തിനും വികസന മുരടിപ്പിനുമെതിരെ സി.പി.എം നേതൃത്വത്തില്‍ ജില്ലാപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. വിദ്യാനഗറില്‍ കാസര്‍കോട് ഗവ. കോളേജ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള റോഡുകളെല്ലാം തകര്‍ന്നുകിടക്കുകയാണ്. റോഡ് നവീകരണത്തിന് ഫണ്ട് നീക്കിവച്ചെങ്കിലും ഭരണനേതൃത്വത്തിന്റെ വീഴ്ചകള്‍ കാരണം പ്രവൃത്തികള്‍ നടപ്പാക്കാനാകുന്നില്ല. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ ചുമതലകളും ഫലപ്രദമായി നിര്‍വഹിക്കുന്നില്ല. ജില്ലാ പഞ്ചായത്തിന് സംസ്ഥാന ബജറ്റിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് രൂപയാണ് കൃത്യമായ ആസൂത്രണത്തിലൂടെ യഥാസമയം ചെലവഴിക്കാത്തതിനാല്‍ പാഴാകുന്നത്. ഈ സാഹചര്യത്തിലാണ് ജില്ലാപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. ജില്ലാസെക്രട്ടറി എം.വി ബാലകൃഷ്ണന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മിറ്റി അംഗം സി.എച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം ഡോ. വി. പി.പി മുസ്തഫ സംസാരിച്ചു. ജില്ലാപഞ്ചായത്ത് അംഗം ഇ. പത്മാവതി സ്വാഗതം പറഞ്ഞു.