2020-21 ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫെബ്രുവരി ഒന്നാം തീയതി പാര്‍ലിമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അത് പ്രവാസികളുടെ ചിറകൊടിക്കുന്ന ബജറ്റ് ആയിപ്പോയി എന്നത് വേദനാജനകം തന്നെ.
നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും ഭദ്രതക്കും ഏറെ താങ്ങായി നില്‍ക്കുന്ന വിദേശ നാണ്യത്തിന്റെ നല്ലൊരു ഭാഗം നേടിത്തരുന്നത് പ്രവാസികളാണ്. ഏകദേശം 30 ബില്യന്‍ യു.എസ്. ഡോളര്‍ വെറും ഗള്‍ഫില്‍ നിന്ന് വരുന്നുണ്ട്.
രാജ്യത്തിന്റെ തൊഴിലില്ലായ്മയെ പതിനായിരങ്ങള്‍ക്ക് ജോലി നല്‍കി അരക്ഷിതാവസ്ഥയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതും പ്രവാസികള്‍ തന്നെ. പ്രതികൂല കാലാവസ്ഥയോട് മല്ലിട്ടും കുടുംബത്തെ വിട്ടും ഒരുപാട് പ്രാരാബ്ധങ്ങള്‍ സഹിച്ചും മറുനാട്ടില്‍ പോയി ജോലിയെടുത്ത് ഇവിടെ കുടുംബത്തെയും നാടിനെയും പല നിലയിലും സഹായിച്ചുകൊണ്ട് ജീവിക്കുന്ന പ്രവാസികള്‍ ഈ ബജറ്റിനോട് കൂടി ആകെ അങ്കലാപ്പിലാണ്.
പ്രവാസികള്‍, പ്രത്യേകിച്ച് ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ 120 ദിവസം നാട്ടില്‍ നിന്നാല്‍ അവരുടെ എന്‍.ആര്‍.ഐ. സ്റ്റാറ്റസ് പോകുമെന്നും അവരുടെ വരുമാനത്തിന് നാട്ടില്‍ ഇന്‍കം ടാക്‌സ് ബാധകമാകുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. നേരത്തെ അത് 181 ദിവസമായിരുന്നു. ഒന്നിച്ച് നില്‍ക്കണമെന്നല്ല ഒരു വര്‍ഷത്തിനിടയില്‍ പോയും വരികയും ചെയ്യുമ്പോള്‍ (ഏകദേശം നാല് മാസം) കവിയരുതെന്ന് മാത്രം. തികച്ചും അപ്രായോഗികമാണ് ഈ തീരുമാനമെന്ന് പ്രവാസികള്‍ ഒന്നടങ്കം പറയുന്നുണ്ട്.
അല്ലെങ്കില്‍ തന്നെ സി.എ.എ., എന്‍.ആര്‍.സി., എന്‍.പി.ആര്‍. തുടങ്ങിയവ കൊണ്ട് ആശങ്കയില്‍ നില്‍ക്കുന്ന പ്രവാസികള്‍ക്ക് ഒരു ഇടിത്തീ വീണ അവസ്ഥയിലായിപ്പോയി ഈ തീരുമാനം. ഇന്ത്യ, യു.എ.ഇ., ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുമായി ഇരട്ട നികുതി കരാറില്‍ ഒപ്പിട്ടത് കൊണ്ട് തന്നെ ഈ രാജ്യങ്ങളിലുള്ള സമ്പാദ്യത്തിന് കണക്ക് ബോധിപ്പിക്കുകയോ വരുമാന നികുതി കാണിക്കുകയോ ചെയ്യേണ്ടി വരില്ല. എന്നാല്‍ നാട്ടിലേക്ക് അയക്കുന്ന സമ്പാദ്യങ്ങള്‍ വരുമാനമായി കണക്കാക്കി നികുതി അടക്കേണ്ടിവരും; 120 ദിവസത്തില്‍ കൂടുതല്‍ നാട്ടില്‍ നിന്നാല്‍.
ഗള്‍ഫിലെ റിഗ്ഗില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു മാസം തുടര്‍ച്ചയായി കഠിന ജോലിയും ഒരുമാസം നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റും മറ്റു സൗകര്യവും നല്‍കുന്നുണ്ട്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ഏറെയാണ്. അവര്‍ക്ക് പുതിയ നിയമം കനത്ത തിരിച്ചടിയാവും. കൂടാതെ മൂന്നോ നാലോ ആളുകള്‍ കൂടി നടത്തുന്ന ചെറുകിട റെസ്റ്റോറന്റുകളുടെ (ഭുഫിയ, കാഫ്‌തേരിയ) കഥയും ഏതാണ്ട് സമാനമാണ്. ഒരാള്‍ ആറുമാസം നടത്തി നാട്ടില്‍ പോവുകയും തിരിച്ചു വന്ന് പാര്‍ട്ട്ണറെ നാട്ടിലേക്ക് അയക്കുന്നതുമായ ചിട്ടയാണ് വര്‍ഷങ്ങളോളമായി നടന്നുവരുന്നത്.
ഇത്തരക്കാരെയും പുതിയ നിയമം വലിയ തോതില്‍ ബാധിക്കും. അധിക കമ്പനികളും (കൂടുതല്‍ അധ്വാനമുള്ള) നാലുമാസമാണ് ലീവ് അനുവദിക്കാറ്. ഇനി മുതല്‍ അവര്‍ക്ക് എന്തെങ്കിലും പെട്ടെന്ന് നാട്ടില്‍ സംഭവിച്ചുപോയാല്‍ വരാന്‍ കഴിയാതെ പോകും. മരണം, കല്യാണങ്ങള്‍ തുടങ്ങി അടിയന്തിരമായി നാട്ടില്‍ പോകേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഏറെയാണ്.
പ്രവാസികളില്‍ അധികവും സൗത്ത് ഇന്ത്യക്കാരാണ്. കേരളം, കര്‍ണാടക, തെലുങ്കാന, ഹൈദ്രബാദ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പുതിയ നിയമം ഒരു പ്ലാനുമില്ലാതെ കണ്ണടച്ച് നടപ്പാക്കുമ്പോള്‍ സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുക എന്ന ദുരുദ്ദേശം കൂടി കേന്ദ്രത്തിനുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ ആവില്ല. വാണിജ്യപരമായും മത മേഖലകളിലും ചെലവഴിക്കുന്ന സാമ്പത്തിക സ്രോതസുകള്‍ ഇല്ലാതാക്കുക എന്ന ഇടുങ്ങിയ ചിന്തയും ഇതില്‍ കടന്ന് വന്നിട്ടുണ്ടോ എന്ന് സംശയിച്ചാലും തെറ്റാവില്ല.
ഈ നിയമം നടപ്പില്‍ വന്നാല്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ക്ക് പ്രവാസികളെ പിഴിയാനും നല്ല ഒരു അവസരം കിട്ടുകയാണ്. എമിഗ്രേഷന്‍ കമ്പ്യൂട്ടറില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് എളുപ്പം സാധിക്കും. അത് വഴി ഇരകളെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ പരക്കം പായും.
ഉത്തരേന്ത്യക്കാരും ഉണ്ടല്ലോ ഗള്‍ഫില്‍, അവരെയും ഈ നിയമം ബാധിക്കില്ലെ എന്ന് ചോദിക്കുന്നവരുണ്ട്. വാസ്തവത്തില്‍ ഈ നിയമം ഉദ്യോഗസ്ഥര്‍ എവിടെ, എപ്പോള്‍ നടപ്പാക്കും എന്നതിനെ ആശ്രയിച്ചിരിക്കും. ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ കഴിയുന്ന മേഖലകളില്‍ നിയമം വലിയ കുരുക്കാവില്ല എന്ന് ചുരുക്കം. ഇന്ത്യന്‍ ബിസിനസില്‍ നിന്നോ ജോലിയില്‍ നിന്നോ വിദേശത്ത് നേടുന്ന വരുമാനത്തിന് മാത്രമേ പ്രവാസികള്‍ ഇവിടെ നികുതി നല്‍കേണ്ടതുള്ളൂ എന്നും വിദേശത്തെ ജോലിക്കോ ബിസിനസിനോ ഇന്ത്യയില്‍ നികുതി നല്‍കേണ്ടതില്ലെന്നും കേന്ദ്ര ധനകാര്യ വകുപ്പ് പുതിയ കുറിപ്പ് ഇറക്കിയിട്ടുണ്ട്. എങ്കിലും ആശങ്കകള്‍ മാറുന്നില്ല. പ്രവാസികളെ ബാധിക്കുന്ന പുതിയ ബജറ്റ് നിര്‍ദ്ദേശം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നാണ് പ്രവാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. പ്രവാസികളെ ചൂഷണം ചെയ്യാന്‍ ഇടവരുത്തുന്ന ഈ നിയമം പ്രവാസികളുടെ ഭാവിയെ തകര്‍ക്കുന്നതാണെന്ന് അവര്‍ ഭയക്കുന്നു. കള്ളക്കടത്ത് വര്‍ധിക്കാനും ഹവാല പണം പെരുകാനും ഇത് സഹായിക്കുമെന്നും ആശങ്ക ഉയരുന്നുണ്ട്.