കാഞ്ഞങ്ങാട്: അഞ്ഞൂറ് രൂപയുടെ അരലക്ഷത്തോളം വരുന്ന കള്ളനോട്ടുകളുമായി ഭീമനടി സ്വദേശി തൃശ്ശൂരില്‍ പൊലീസ് പിടിയിലായി. ഭീമനടി മാങ്ങോട് കിള്ളിമല വീട്ടില്‍ രഞ്ജിത്തിനെ (30) യാണ് ചാലക്കുടി ഡി.വൈ.എസ്.പി.സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ കല്ലേറ്റുംകര റെയില്‍വെസ്റ്റേഷനില്‍ വന്നിറങ്ങിയ രഞ്ജിത്തിന്റെ കൈയിലുണ്ടായിരുന്ന ബാഗ് പൊലീസ് പരിശോധിച്ചപ്പോഴാണ് അഞ്ഞൂറ് രൂപയുടെ അരലക്ഷത്തോളം കള്ളനോട്ടുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കൊടകരയില്‍ കഞ്ചാവുമായി പിടിയിലായ യുവാവില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ട്രെയിന്‍ വഴിയുള്ള കഞ്ചാവ് കടത്ത് തടയാന്‍ പൊലീസ് നിരീക്ഷണമേര്‍പ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് രഞ്ജിത് പിടിയിലായത്. മംഗളൂരു സ്വദേശിയായ സുഹൃത്താണ് തന്നെ കള്ളനോട്ടുകള്‍ ഏല്‍പ്പിച്ചതെന്നും എറണാകുളത്തും മറ്റും വിതരണം ചെയ്യാനാണ് കൊണ്ടു വന്നതെന്നുമായിരുന്നു രഞ്ജിത്തിന്റെ വെളിപ്പെടുത്തല്‍. കള്ളനോട്ടിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.