കാസര്‍കോട്: നഗരപരിധിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 16 കാരിയെ തട്ടികൊണ്ടു പോയ കേസില്‍ കൊല്ലം സ്വദേശിയെ പോക്‌സോ നിയമമനുസരിച്ച് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഗുരുദേവ നഗര്‍ ഉളിയങ്കോവില്‍ നിളാ നിവാസിലെ ഐസക് ജോണ്‍സണ്‍ എന്ന ഷാജി (51) യെയാണ് തിങ്കളാഴ്ച്ച വൈകിട്ടോടെ കാസര്‍കോട് സി.ഐ. സി.എ. അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കാസര്‍കോട് നഗരപരിധിയിലെ ക്വാര്‍ട്ടേഴ്‌സില്‍ സഹോദരിക്കൊപ്പം താമസിച്ചു വരുന്നതിനിടെ കഴിഞ്ഞ മാസമാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി സഹോദരി കാസര്‍കോട് പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത ശേഷം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ക്വര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ടൈല്‍സ് ജോലി ചെയ്യുന്ന ഐസക് ജോണിനെയും കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെയും ഐസക് ജോണ്‍സണിനേയും കൊല്ലത്തെ ബന്ധുവീട്ടില്‍ വെച്ച് കണ്ടെത്തിയത്. ഇരുവരേയും കാസര്‍കോട്ടെത്തിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം ഐസക് ജോണ്‍സണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടികൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.