കാസര്‍കോട്: വന്യജീവികള്‍ കൃഷി നശിപ്പിക്കുന്നത് തടയുക, കാട്ടാനകളുടെ വിളയാട്ടത്തില്‍ നിന്ന് ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കുക, ആനകളെ തുരത്താന്‍ കൂടുതല്‍ ഫോഴ്‌സ് അനുവദിക്കുക, കൃഷിക്കാര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിച്ച് സമയബന്ധിതമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുമായി കര്‍ഷകസംഘം കാറഡുക്ക ഏരിയാ കമ്മിറ്റി കാസര്‍കോട് ജില്ലാ വനം വകുപ്പ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. വിദ്യാനഗര്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രകടനത്തിലും ധര്‍ണയിലും നിരവധി കര്‍ഷകര്‍ അണിനിരന്നു.
കാറഡുക്ക ഏരിയയില്‍ നിന്നുള്ള കാറഡുക്ക, കുമ്പഡാജെ, ബെള്ളൂര്‍, ദേലംപാടി, മുളിയാര്‍ പഞ്ചായത്തുകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് സമരത്തിനെത്തിയത്. ഡി.എഫ്.ഒ.യെ കണ്ട് നിവേദനം നല്‍കി. ധര്‍ണ ജില്ലാ സെക്രട്ടറി സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡണ്ട് ഇ. മോഹനന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എ. ചന്ദ്രശേഖരന്‍, കെ. ശങ്കരന്‍, പി. രവീന്ദ്രന്‍, വി. ഭവാനി, ബി.കെ. നാരായണന്‍, ബി.എം. പ്രദീപ് സംസാരിച്ചു. എം. മാധവന്‍ സ്വാഗതം പറഞ്ഞു. മാര്‍ച്ചിന് കെ. നാരായണന്‍, നാസര്‍, കെ. ദാമോദരന്‍, എം. ഗംഗാധരന്‍, എം. ശാന്ത, കെ.പി. സുകുമാരന്‍ നേതൃത്വം നല്‍കി.