ബേഡകം: ബേഡകത്തെ ഇലക്ട്രോണിക്സ് കടയില്‍ ഭാര്യക്കൊപ്പമെത്തി കവര്‍ച്ച നടത്തുന്നതിനിടെ പൊലീസിനെ കണ്ട് യുവാവ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പിന്നീട് ഊട്ടിയില്‍ കവര്‍ച്ചക്ക് ശേഷം മുങ്ങുന്നതിനിടെ അവിടത്തെ പൊലീസിന്റെ പിടിയിലായി. ബേക്കല്‍ പള്ളിക്കര ബിലാല്‍നഗറിലെ അഹമ്മദ് കബീര്‍ എന്ന ലാലാ കബീറിനെ(33)യാണ് ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കബീറിനെ പിന്നീട് നാട്ടിലെത്തിച്ച് ബേഡകം സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. കബീര്‍ രാത്രി സ്വിഫ്റ്റ് കാറില്‍ ഭാര്യയെയും കൂട്ടി കാഞ്ഞിരത്തുങ്കാലിന് സമീപത്തെ മണ്ണടുക്കത്തെത്തുകയും ഇവിടത്തെ ഒരു ഇലക്ട്രോണിക്‌സ് കടയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കുകയും ചെയ്തു. കടയുടെ പൂട്ട് തകര്‍ക്കുന്നതിനിടെ അവിടെയെത്തിയ പോലീസ് സംഘത്തെ കണ്ട് കബീര്‍ ഭാര്യയെ കൂട്ടാതെ ഓടിരക്ഷപ്പെട്ടു. കാറില്‍ കണ്ട സ്ത്രീയെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഓടിപ്പോയത് തന്റെ ഭര്‍ത്താവാണെന്ന കാര്യം യുവതി വെളിപ്പെടുത്തിയിരുന്നില്ല. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവതിയില്‍ നിന്നും ലഭ്യമായ മറ്റുവിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ കാഞ്ഞിരത്തിങ്കാലില്‍ താമസിക്കുന്ന കുമ്പഡാജെ ആനപ്പാറയിലെ ശിഹാബുദ്ദീന്റെ ബൈക്ക് മോഷ്ടിച്ച ശേഷമാണ് കബീര്‍ സ്ഥലം വിട്ടതെന്ന് തെളിഞ്ഞു. ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ മറ്റൊരു കവര്‍ച്ചോക്കേസുമായി ബന്ധപ്പെട്ട് കബീര്‍ ഊട്ടി പൊലീസിന്റെ പിടിയിലായി. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലും കബീറിന് കേസുണ്ടെന്ന് വ്യക്തമായതോടെ ഇക്കാര്യം ഊട്ടി പൊലീസ് ബേഡകം പൊലീസിനെ അറിയിച്ചു. ഊട്ടിയിലെ കേസില്‍ റിമാണ്ടിലായ കബീറിനെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് ബേഡകം പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം കബീറിനെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കുകയും കോടതിയുടെ അനുമതിയോടെ പ്രതിയുടെ അറസ്റ്റ് ബേഡകം പൊലീസ് രേഖപ്പെടുത്തുകയുമായിരുന്നു.