രാജപുരം; മരുതോം വനമേഖല കേന്ദ്രീകരിച്ച് മൃഗവേട്ട വീണ്ടും സജീവമാകുന്നു. നായാട്ടുസംഘത്തില്‍പെട്ടയാളുടെ വീട്ടില്‍ നിന്ന് വനപാലകര്‍ മൂന്ന് കിലോ കലമാനിറച്ചി പിടികൂടി. പനത്തടി അമ്പതേക്കറിലെ പി.ജെ ജയിംസിന്റെ വീട്ടില്‍ നിന്നാണ് കറിവെച്ചതും അല്ലാത്തതുമായ ഇറച്ചി പിടികൂടിയത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ കാഞ്ഞങ്ങാട് റേഞ്ച് ഓഫീസര്‍ പി സതീശന്റെ നേതൃത്വത്തില്‍ പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി പ്രഭാകരന്‍, മരുതോം സെക്ഷന്‍ ഓഫീസര്‍ ബി.എസ് വിനോദ്കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ആര്‍.കെ രാഹുല്‍, എം.പി അഭിജിത്, എസ് പുഷ്പാവതി, പി അനശ്വര, ഒ.എസ് ഗിരീഷ്‌കുമാര്‍ എന്നിവര്‍ റെയ്ഡ് നടത്തിയാണ് കലമാനിറച്ചി പിടികൂടിയത്. മരുതോം വനത്തില്‍ നിന്ന് കലമാനിനെ വെടിവെച്ചുകൊന്ന് ഇറച്ചിയാക്കുകയായിരുന്നു. നായാട്ടുസംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നതായി വനംവകുപ്പ് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഒരുമാസം മുമ്പ് മരുതോം മണിയാണിമാനി സംരക്ഷിത വനത്തില്‍ നായാട്ടുസംഘം വെടിവെച്ചുകൊന്ന കാട്ടുപോത്തിന്റെ ഇറച്ചി വാര്‍ന്നെടുത്ത് അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാട്ടുപോത്തിനെ കൊന്നവരെക്കുറിച്ച് സൂചന ലഭിച്ചിരുന്നുവെങ്കിലും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഈ കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും സമാനസംഭവമുണ്ടായത്.